ചേര്‍ത്തല: ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍ വധക്കേസില്‍ സെബാസ്റ്റിയനെ കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്യല്‍ തുടങ്ങിയെങ്കിലും നിസ്സഹകരണം തുടര്‍ന്ന് പ്രതി. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാത്ത പതിവുരീതിയാണ് ആദ്യദിവസത്തെ ചോദ്യംചെയ്യലില്‍ ഇയാള്‍ സ്വീകരിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ചയോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷകസംഘം. ക്രൈംബ്രാഞ്ച് മേധാവിയുടെ ഉള്‍പ്പെടെ കേസിനെ നിരീക്ഷിക്കുന്നുണ്ട്. ബിന്ദുവിന്റെ വിദേശത്തുള്ള സഹോദരന്‍ പ്രവീണ്‍ 2017-ല്‍ നല്‍കിയ പരാതിയില്‍ പട്ടണക്കാട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസാണ് നിലവില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

2006ലാണ് ബിന്ദു പത്മനാഭനെ കാണാതായത്. അച്ഛനമ്മമാരുടെ വിയോഗശേഷം ഒറ്റപ്പെട്ട അവസ്ഥയിലായ ബിന്ദു വസ്തു വില്‍പ്പനയ്ക്കാണ് പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയനുമായി ബന്ധപ്പെട്ടത്. കടക്കരപ്പള്ളിയിലെ മറ്റൊരു ഭൂമിയിടപാടുകാരനാണ് ഇവരെ പരസ്പരം ബന്ധിപ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ പെന്‍ഷന്‍ 2006 പകുതിവരെ ബിന്ദു കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ശേഷമാണ് ബിന്ദുവിന്റെ ഭൂമി വ്യാജരേഖ ചമച്ച് സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ വിറ്റത്. ബിന്ദുവിനെ കൊന്നശേഷമാണിതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയത്.

നേരത്തെ തന്നെ സെബാസ്റ്റ്യനെ പോലീസ് ഈ കേസില്‍ സംശയിച്ചിരുന്നു. അന്ന് ശാസ്ത്രീയ ചോദ്യംചെയ്യലിലും സെബാസ്റ്റിയന്‍ അക്കാര്യം വെളിപ്പെടുത്തിയില്ല. നുണപരിശോധന ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അതില്‍നിന്ന് ഒഴിവായി. അടുത്തിടെ ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റിയനിലേക്ക് എത്തിയതാണ് വഴിത്തിരിവായത്. ജെയ്നമ്മയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണിത്. സെബാസ്റ്റിയനെതിരെ കൊലക്കുറ്റം ചുമത്തുകയുംചെയ്തു. കോട്ടയം ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിലാണ് ബിന്ദുവിനെ കൊന്നത് സെബാസ്റ്റിയന്‍ വെളിപ്പെടുത്തിയത്. അതോടെ ആലപ്പുഴ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി.