പരപ്പനങ്ങാടി: പൂര്‍വവിദ്യാര്‍ഥിസംഗമത്തിനെത്തി പരിചയം പുതുക്കി അധ്യാപികയില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയ യുവാവ് റിമാന്‍ഡിലാകുമ്പോള്‍ പുറത്തു വരുന്നത് സമാനതകളില്ലാത്ത തട്ടിപ്പ്. തലക്കടത്തൂര്‍ സ്വദേശി നീലിയത്ത് വേര്‍ക്കന്‍ ഫിറോസാണ് (51) അറസ്റ്റിലായത്. തലക്കടത്തൂര്‍ ചെറിയമുണ്ടം സ്‌കൂളിലെ മുന്‍ അധ്യാപികയുടെ പരാതിയിലാണ് നടപടി. ഫിറോസിന്റെ ഭാര്യയ്ക്ക് അറസ്റ്റ് വാറണ്ടും നല്‍കി. ചെറിയമുണ്ടം തലക്കടത്തൂരിലെ നീലിയത്ത് വേര്‍ക്കന്‍ ഫിറോസിന്റെ ഭാര്യ റംലത്തും (മാളു 43) കേസില്‍ പ്രതിയാണ്. താനൂര്‍ സബ് ജില്ലയിലെ തലക്കടത്തൂര്‍ സ്‌കൂളിലെ അധ്യാപികയായ നെടുവ സ്വദേശിനിയുടെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.

1988-90 ല്‍ ഈ സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന ഫിറോസ് പൂര്‍വവിദ്യാര്‍ഥി സംഗമത്തിലൂടെ അധ്യാപികയുമായി കൂടുതല്‍ പരിചയത്തിലായി. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തി ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പല തവണയായി ലക്ഷങ്ങള്‍ കൈക്കലാക്കുകയും ആദ്യഘട്ടങ്ങളില്‍ പലിശ നല്‍കി വിശ്വാസമാര്‍ജിക്കുകയും ചെയ്തു. തുടര്‍ന്ന് ബിസിനസ് വിപുലീകരണത്തിനെന്ന് പറഞ്ഞ് 21 പവന്‍ ആഭരണങ്ങളും 30 ലക്ഷത്തോളം രൂപയും വാങ്ങി പ്രതി നാടുവിട്ടു. തലക്കടത്തൂരിലെ സ്ഥലം വില്‍ക്കുകയും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഒഴിവാക്കുകയും ചെയ്തു. ഇയാള്‍ക്കായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയിലെ ഹസനിലെ ഗ്രാമപ്രദേശത്തുനിന്ന് കണ്ടെത്തിയത്. പ്രതി ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു. പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. ഇയാളുടെ ഭാര്യയുടെ പേരിലും കേസെടുത്തതായി പൊലീസ് അറിയിച്ചു.

പക്ഷാഘാതം ബാധിച്ചിരുന്നതായി പറഞ്ഞു അധ്യാപികയുടെ ദയ പിടിച്ചുപറ്റി. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും പറഞ്ഞു ഫലിപ്പിച്ചു. തുടര്‍ന്ന് ബിസിനസ് തുടങ്ങാന്‍ ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്നും 4000 രൂപ പലിശ നല്‍കാമെന്നും പറഞ്ഞു അധ്യാപികയില്‍നിന്ന് തുക കൈപ്പറ്റി. വീണ്ടും ഒരു ലക്ഷം രൂപ കൂടി വാങ്ങി. പലിശ തുക രണ്ടു തവണ കൃത്യമായി തിരികെ നല്‍കി പ്രതി 'സത്യസന്ധത'യും തെളിയിച്ചു. പിന്നീട് ബിസിനസ് വിപുലമാക്കാനാണെന്നു പറഞ്ഞു സ്വര്‍ണം ആവശ്യപ്പെട്ടതോടെ ബാങ്കില്‍ സൂക്ഷിച്ചിരുന്ന 21 പവന്‍ സ്വര്‍ണവും അധ്യാപിക ഫിറോസിന് നല്‍കി. പിന്നീട് ഫിറോസിന്റെ ഫോണ്‍ ഓഫ് ആയതോടെയാണ് അധ്യാപികയ്ക്ക് താന്‍ കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയത്.

47 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത്. മാസങ്ങളോളം ഫിറോസിന്റെ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് പൊലീസില്‍ പരാതിപ്പെടുന്നത്. ഒരു ദര്‍ഗ കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന ഫിറോസിന്റെ വാഹനം കണ്ടെടുത്തതോടെയാണ് പ്രതി വലയിലായത്. 2019 മുതല്‍ 25 വരെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. രണ്ടാം പ്രതിയും ഭാര്യയുമായ റംലത്തുമായി എത്തിയാണ് 2 തവണ പണം കൈപറ്റിയത്. വിശ്വാസ്യത ഉറപ്പ് വരുത്താനാണ് ഭാര്യയെ ഒപ്പം കൂട്ടിയത്.

ചതിച്ച് തന്ത്രപൂര്‍വം തുക കൈപ്പറ്റുകയായിരുന്നു എന്നാണ് അധ്യാപികയുടെ പരാതി. മകളുടെ വിവാഹത്തിന് ശേഖരിച്ച് വച്ച പണവും സ്വര്‍ണവും ആണ് നഷ്ടപ്പെട്ടത്. മാത്രമല്ല വിവാഹം മുടങ്ങുകയും ചെയ്തു. ഒരിക്കല്‍ ഫോണില്‍ കിട്ടിയപ്പോള്‍ വേണമെങ്കില്‍ കേസ് കൊടുക്കാനാണ് പറഞ്ഞതെന്നും വീണ്ടും വിളിച്ചപ്പോള്‍ ഗുണ്ടകളെ അയച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അധ്യാപികയുടെ പരാതിയില്‍ പറയുന്നു.