പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാനുള്ള ഒയാസിസ് കമ്പനിയുടെ നീക്കത്തില്‍ പ്രതിഷേധം കടുത്തതോടെ കമ്പനി പ്രതിനിധികള്‍ മടങ്ങി. ജനകീയ സമര സമിതിയും കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചതോടെയാണ് കമ്പനി പ്രതിനിധികള്‍ മടങ്ങിയത്. പ്രതിഷേധക്കാര്‍ കമ്പനി പ്രതിനിധിയെയും മണ്ണുമാന്തിയന്ത്രവും തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ മണ്ണുമാന്തിയന്ത്രം മടക്കി അയച്ചു.

സ്ഥലത്തെ കാടു വെട്ടിത്തെളിക്കാനാണ് ജെസിബി കൊണ്ടുവന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍, ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സര്‍വേ നടത്തി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായാണ് കാടുവെട്ടിത്തെളിക്കുന്നതെന്ന് സമരസമിതിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ കമ്പനി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നെന്നും, രാത്രിയില്‍ നിര്‍മ്മാണം തുടങ്ങാനായിരുന്നു പദ്ധതിയെന്നും നാട്ടുകാര്‍ പറയുന്നു.

ബ്രൂവറി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ നീക്കമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അടുത്ത മാസം ആറാം തീയതി കേസ് കോടതി പരിഗണിക്കാനിരിക്കുകയാണ്. ജനുവരി മുതല്‍ ബ്രൂവറിക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ അവഗണിക്കുകയാണെന്നും പെട്ടെന്നൊരു ദിവസം നിര്‍മ്മാണവുമായി മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സ്ഥലത്ത് നിലവില്‍ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. മറ്റ് റവന്യൂ ഉദ്യോഗസ്ഥരോ കമ്പനി പ്രതിനിധികളോ സ്ഥലത്തെത്തിയിട്ടില്ല. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ജെസിബി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാരും സമരസമിതിയും.

ഒയാസിസ് കമ്പനി പ്രദേശം വൃത്തിയാക്കാന്‍ എത്തുമെന്ന വിവരം സമരസമിതിക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ സ്ഥലത്ത് തമ്പടിച്ചിരുന്നു. ജെസിബി എത്തിയ ഉടന്‍ തന്നെ ഇവര്‍ സംഘടിച്ച് വാഹനം തടയുകയായിരുന്നു. എന്ത് വില കൊടുത്തും മണ്ണുക്കാട്ടിലെ ജനങ്ങളെ അണിനിരത്തി ബ്രൂവറി നിര്‍മ്മാണം തടയുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

അതേസമയം, കാടുവെട്ടിത്തെളിച്ച് പ്രദേശം വൃത്തിയാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്തുന്നില്ലെന്നും കമ്പനി പ്രതിനിധി ഗോപീകൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചു. നാലു ദിവസം മുമ്പ് വില്ലേജ് ഓഫിസര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള ജോലികള്‍ ചെയ്യാനാണ് വന്നത്. ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെയും കസബ പൊലീസിനെയും അറിയിച്ചിട്ടുണ്ട്.

കത്തിന്റെ പകര്‍പ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് വാട്ട്‌സ്ആപ്പ് ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വേയും താലൂക്ക് ഉദ്യോഗസ്ഥരുടെയും സര്‍വേ നടത്തേണ്ടതുണ്ട്. മഴവെള്ള സംഭരണിയെ കുറിച്ച് പഠിക്കണം. ജലചൂഷണം ചെയ്യുന്നില്ലെന്ന് അധികാരികള്‍ക്ക് രേഖാമൂലം നല്‍കിയിട്ടുണ്ട്. രണ്ടാള്‍ ഉയരത്തിലാണ് കാടുനില്‍ക്കുന്നത്. പന്നിയുടെയും മലമ്പാമ്പിന്റെയും ശല്യം ഉണ്ടെന്ന് പറയുന്നതായും ഗോപീകൃഷ്ണന്‍ വ്യക്തമാക്കി.

പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രൂവറി പദ്ധതിയെ ജനങ്ങളും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ക്കുന്നത്. പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയെ ബ്രൂവറി പദ്ധതിക്കെതിരെ എല്‍.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.

പാലക്കാട് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് മദ്യനിര്‍മാണ കമ്പനിയായ ഒയാസിസ് കൊമേഴ്‌സല്‍ പ്രൈവറ്റ് ലിമിറ്റഡിന് ബ്രൂവറി പ്ലാന്റ് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതിക്കായി എലപ്പുള്ളി രണ്ട് വില്ലേജില്‍ വാങ്ങിയ 23.59 ഏക്കര്‍ ഭൂമിയില്‍ 5.89 ഏക്കര്‍ വയലാണ്. അഞ്ച് സര്‍വേ നമ്പറുകളിലായി കിടക്കുന്ന ഒരു ഹെക്ടര്‍ 60 ആര്‍ 32 ചതുരശ്ര അടി ഭൂമി തരംമാറ്റാനായി കമ്പനി അപേക്ഷ നല്‍കിയെങ്കിലും ആര്‍.ഡി.ഒ തള്ളിയിരുന്നു.