- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം വിട്ടയച്ചു; രാത്രി രണ്ടുമണിക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിന്റെയും സംഘത്തിന്റെയും പ്രതികാരം; ഉപ്പളയിലെ പ്രണയബന്ധം സിനിമാ സ്റ്റൈല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ജാഗ്രതാ സന്ദേശവുമായി പൊലീസ്
ഉപ്പളയില്‍ പ്രണയബന്ധം സിനിമ സ്റ്റൈല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു
മഞ്ചേശ്വരം (കാസര്‍കോട്): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും വിദ്യാര്‍ത്ഥിനികളെയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണിപ്പോള്‍ സാമൂഹിക സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത്. ഇതിന് ഉദാഹരണമാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും, 23 വയസുകാരനും തമ്മില്‍ ഏറെക്കാലമായി സ്‌നേഹത്തിലായിരുന്നു. സംഭവം അറിഞ്ഞതോടെ യുവാവിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ താക്കിത് നല്‍കിയിരുന്നു. ഇത് വകവെക്കാതെ, യുവാവ് വീണ്ടും പെണ്‍കുട്ടിയോട് ഫോണിലും മറ്റും സംസാരിക്കാന്‍ തുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസം രാത്രി യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബലമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് ഫോണ്‍ ഗ്യാലറിയിലുള്ള ഫോട്ടോ കാണണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ യുവാവിന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി. ലോക്ക് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചില ആള്‍ക്കാരെ വിളിച്ച് വരുത്തി യുവാവിനെ ഭീഷണിപ്പെടുത്തുകയും ഫോണിന്റെ ലോക്ക് തുറപ്പിക്കുകയും ചെയ്തു. ഫോണ്‍ ഗാലറിയില്‍ പെണ്‍കുട്ടിയുടെയും മറ്റു സ്ത്രീകളുടെയും ഫോട്ടോകള്‍ കണ്ടതോടെ ഇവയെല്ലാം മായ്ച്ച് കളഞ്ഞതിന് ശേഷം യുവാവിനെ വിട്ടയക്കുകയായിരുന്നു.
രാത്രി 2 മണിക്ക് പ്രതികാരം
രാത്രി രണ്ടുമണിയോടെ ഈ യുവാവിന്റെ നേതൃത്വത്തില്‍ ചെറുതും വലുതുമായ വാഹനങ്ങളില്‍ 25 ഓ ളം പേര്‍ അടങ്ങുന്ന സംഘം പെണ്‍ കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരെ അക്രമിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ വാളെടുത്ത് പെണ്‍കുട്ടിയുടെ ബന്ധുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റു. മൂന്ന് പേരെയും മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു..
വിദ്യാര്‍ത്ഥിനികള്‍ക്ക് മൊബൈല്‍, ചാറ്റ് ആപ്പുകള്‍, ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിലൂടെയുള്ള ബന്ധങ്ങള്‍ വലിയ അബദ്ധങ്ങളായി മാറാറുണ്ട്. അതുകൊണ്ട് തന്നെ, സ്‌കൂള്‍ മുതല്‍ സൈബര്‍ വിദ്യാഭ്യാസം, രക്ഷിതാക്കളുടെ നിരന്തര വീക്ഷണം, കൗണ്‍സിലിംഗ് എന്നിവ അനിവാര്യമാണ്. മഞ്ചേശ്വരം പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, അക്രമം, സ്വകാര്യതാഭംഗം, വധശ്രമം എന്നിവയുടെ വകുപ്പുകള്‍ പ്രകാരമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. യുവാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍കരുതല്‍ ഏറ്റവും വലിയ പ്രതിരോധം
കുട്ടികളുടെ സാമൂഹിക, സൈബര്‍ ഇടപെടലുകള്‍ രക്ഷിതാക്കള്‍ അടുത്തുനോക്കണം. സ്‌കൂള്‍-കോളേജ് തലത്തില്‍ സൈബര്‍ സുരക്ഷ, ലൈംഗിക വിദ്യാഭ്യാസം, നിയമബോധം എന്നിവ അവബോധം നല്‍കണം
എന്തെങ്കിലും സംശയം തോന്നുമ്പോള്‍, പോലീസിന് അല്ലെങ്കില്‍ കുട്ടികളുടെ ക്ഷേമസംരക്ഷണ സമിതിക്ക് (CWC) നേരിട്ട് വിവരം നല്‍കണമെന്ന് പൊലീസ് പറയുന്നു