കോഴിക്കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷം 19കാരന്‍ അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ട വെണ്ണൂര്‍ മാളിയേക്കല്‍ വീട്ടില്‍ അന്‍സിലാണ് (19) എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയായതിന് ശേഷവും ഇതേ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പ്രതി പീഡിപ്പിച്ചിരുന്നു. കേസിലെ പ്രതിയായ യുവാവിന്റെ പുതിയ കാമുകി സ്വകാര്യചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെതിരെ പരാതി നല്‍കിയതും അറസ്റ്റിലായതും.

പരാതിക്കാരിയുടെ നഗ്‌ന ദൃശ്യം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ 16കാരിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ കേസില്‍ പൊലീസ് കാമുകിയെയും ചോദ്യം ചെയ്തു വരുകയാണ്. പോക്‌സോ വകുപ്പും ബി.എന്‍.എസ് ആക്ടും അന്‍സിലിനെതിരെ ചുമത്തി.

2022ലാണ് എറണാകുളത്ത് താമസിക്കുന്ന പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും, പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായ ശേഷവും ബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ ഇതിനിടെയാണ് കോഴിക്കോട് സ്വദേശിയായ 16 കാരിയുമായി അന്‍സില്‍ പ്രണയത്തിലായത്. അപ്പോഴാണ് ആദ്യ കാമുകിയുമായി അകന്നത്.

അന്‍സിലിന്റെ മൊബൈല്‍ ഫോണില്‍ ആദ്യ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ കാണാനിടയായ കോഴിക്കോട് സ്വദേശിനി ഇവ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടത്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പെണ്‍കുട്ടി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതിയുമായെത്തിയത്.