കോഴിക്കോട്: സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ യുട്യൂബ് വീഡിയോകള്‍ കണ്ട് മോഷണം പഠിച്ച യുവാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് 32 പവന്‍ സ്വര്‍ണവും മൂന്നുലക്ഷത്തിലധികം രൂപയും. ജില്ലയിലെ വിവിധയിടങ്ങളിലെ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പിടിയിലായ വെസ്റ്റ്ഹില്‍ സ്വദേശി തേവര്‍കണ്ടി അഖിലി(32)ന്റെ കക്കോടിയിലെ വാടകവീട്ടില്‍നിന്നാണ് 32 പവന്‍ സ്വര്‍ണവും മൂന്നുലക്ഷത്തിലധികം രൂപയും കണ്ടെടുത്തത്. എലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലെ മോരിക്കരയില്‍നിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി രക്ഷപ്പെടുന്നതിനിടെ കഴിഞ്ഞദിവസമാണ് അഖിലിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്.

ഞായറാഴ്ച കക്കോടിയില്‍ മോഷണശ്രമത്തിനിടെ നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സിറ്റി ക്രൈംസ്‌ക്വാഡും ചേവായൂര്‍ പോലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പറമ്പില്‍ബസാറിലെ വീട്ടില്‍നിന്ന് കഴിഞ്ഞ വ്യാഴാഴ്ച 22 പവന്‍ സ്വര്‍ണമാണ് അഖില്‍ മോഷ്ടിച്ചത്. അതിന് ഒരാഴ്ച മുന്‍പ് ചാലില്‍ താഴത്തെ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണവും കവര്‍ന്നു. സമീപകാലത്ത് മാത്രം 14 ഇടങ്ങളില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. അഖില്‍ അറസ്റ്റിലായതോടെ കക്കോടി മേഖലയില്‍ മാത്രം 15-ഓളം മോഷണക്കേസുകളാണ് തെളിഞ്ഞത്.

സാമ്പത്തികബാധ്യത കാരണമാണ് മോഷണത്തിനിറങ്ങിയതെന്നാണ് പ്രതിയുടെ മൊഴി. ഇയാളെ കൂടുതല്‍ ചോദ്യംചെയ്യാനായി ചേവായൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സാമ്പത്തികബാധ്യതകള്‍ കൂടിയപ്പോള്‍ പ്രതി കണ്ടെത്തിയ മാര്‍ഗമാണ് മോഷണമെന്ന് പൊലീസ് പറയുന്നു. ചെരിപ്പുധരിക്കാതെയും കുനിഞ്ഞുമാത്രം നടന്നും മോഷണത്തിനെത്തുന്ന രീതി സാമൂഹികമാധ്യമത്തില്‍നിന്ന് ലഭിച്ച 'മോഷണഅറിവുകളാണെ'ന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, ജിനേഷ് ചൂലൂര്‍, രാകേഷ് ചൈതന്യം, ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ നിമിന്‍ കെ. ദിവാകരന്‍, മിജോ, ഏലിയാസ്, സിപിഒമാരായ പ്രസാദ്, വിജിനേഷ്, രാജേഷ്, ദീപക്, സന്ദീപ്, സിറ്റി സൈബര്‍സെല്‍ അംഗം എസ്. കൈലേഷ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.