കാസര്‍കോട്: കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ വിവാദത്തില്‍ എംഎസ്എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. എസ് എഫ് ഐയും പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി. മണിക്കൂറുകളോളം എംഎസ്എഫ് പ്രതിഷേധിച്ചു. സ്‌കൂളില്‍ രാവിലെ പിടിഎ യോഗം നടന്നിരുന്നു. പരിപാടി നിര്‍ത്തിച്ച അധ്യാപകനെതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം അവതരിപ്പിച്ചതിന്റെ പേരിലാണ് സ്‌കൂള്‍ കലോത്സവം നിര്‍ത്തിവെച്ചത്. മൈം അവസാനിക്കുന്നതിന് മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തി എന്നാണ് ആരോപണം. ഇന്നലെയാണ് പലസ്തീന് ഐക്യദാര്‍ഢ്യം വിഷയമാക്കി വിദ്യാര്‍ഥികള്‍ മൈം അവതരിപ്പിച്ചത്. പ്ലസ് ടൂ വിദ്യാര്‍ഥികളാണ് മൈം അവതരിപ്പിച്ചത്. എന്നാല്‍ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകര്‍ കര്‍ട്ടനിടുകയായിരുന്നു. എന്നാല്‍ അധ്യാപകര്‍ കര്‍ട്ടനിട്ടെങ്കിലും വിദ്യാര്‍ഥികള്‍ വേദിയ്ക്ക് പുറത്ത് മൈം അവതരിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇന്നലെ ആറ് മണിക്ക് നടന്ന സംഭവത്തില്‍ കര്‍ട്ടനിട്ട ഉടന്‍ തന്നെ മറ്റെല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായും അറിയിപ്പ് നല്‍കി. ഇന്നും കലോത്സവം തുടരേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് പരിപാടി നടന്നില്ല.

അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പി ടി എ പ്രസിഡന്റ് എ കെ ആരിഫ് പറഞ്ഞു. രണ്ട് അധ്യാപകര്‍ക്ക് എതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധു വ്യക്തമാക്കി. തിങ്കളാഴ്ച്ച കലോത്സവം വീണ്ടും നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.