ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ പ്രണയ ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 19 വയസുകാരിയായ നിത്യ യാദവിനെ ആണ് സഹോദരന്‍ ആദിത്യ യാദവ് കൊലപ്പെടുത്തിയത്. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിത്യ യാദവ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരാളുമായി പ്രണയത്തിലായിരുന്നു. പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് കൊലപ്പെടുത്തിയതെന്നാണ് യുവാവിന്റെ കുറ്റസമ്മതം. കനാലില്‍ യുവതിയെ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹത്തിനരികില്‍ ഒന്നര മണിക്കൂര്‍ ഇരുന്നാണ് പൊലീസിനെ വിളിച്ച് സംഭവം അറിയിക്കുന്നതും കുറ്റസമ്മതം നടത്തുന്നതും.

ഹിന്ദു സംസ്‌കാരത്തില്‍ വിവാഹിതയായ സ്ത്രീകളുടെ അടയാളമായ സിന്ദൂരം നിത്യ നെറ്റിയില്‍ തൊടുന്നത് ആദിത്യ കാണുകയും വിലക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പല തവണയും ഇവര്‍ തമ്മില്‍ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ നിത്യ ഒരുക്കമായിരുന്നില്ല. ഇതിന് ശേഷം, ഇക്കഴിഞ്ഞ ഞായറാഴ്ച വീട് വിട്ടിറങ്ങിയ നിത്യ രാത്രിയായിട്ടും തിരിച്ചെത്തിയിരുന്നില്ല. എന്നാല്‍ പിറ്റേന്ന് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും അടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ വച്ച് കണ്ടെത്തി. ആദിത്യ പെണ്‍കുട്ടിയുടെ മനസ് മാറ്റാനും വീട്ടിലേക്ക് തിരിച്ചു കൊണ്ടു വരാനും ശ്രമിച്ചു. എന്നാല്‍ നിത്യ തീരുമാനത്തില്‍ ഉറച്ചു നിന്നു.

പിന്നീട് നിത്യയെ കൂട്ടി ആദിത്യ വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് തലക്ക് അടിക്കുകയും പരിക്കേറ്റ നിത്യയെ കനാലിലേക്ക് തളളിയിടുകയായിരുന്നു. പൊലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ആദിത്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ഗോരഖ്പൂര്‍ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര ശ്രീവാസ്തവ പറഞ്ഞു. ആദിത്യ തന്റെ രണ്ട് സഹോദരിമാര്‍ക്കും ഒരു സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. പിതാവിന്റെ മരണശേഷം സഹോദരിമാരെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം ആദിത്യ ഏറ്റെടുക്കുകയായിരുന്നു.