നാഗ്പുര്‍: അമിതാഭ് ബച്ചനൊപ്പം ഹിന്ദി ചിത്രം ജുന്ദില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച താരം പ്രിയാന്‍ഷുവിനെ കൊലപ്പെടുത്തിയത് സുഹൃത്തെന്ന് അന്വേഷണ സംഘം. നാഗ്പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തായ ധ്രുവ് ലാല്‍ ബഹാദൂര്‍ സാഹു പിടിയിലായി.

പ്രിയാന്‍ഷുവും സാഹുവും അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. എല്ലാ ദിവസവും ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ മദ്യപിക്കുന്നതിനായി ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തി. എന്നാല്‍, മദ്യപാനത്തിനിടെ തര്‍ക്കമുണ്ടാവുകയും സാഹു പ്രിയാന്‍ഷുവിനെ ഇലക്ട്രിക് വയര്‍ കൊണ്ട് ബന്ധിപ്പിച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റനിലയില്‍ പ്രിയാന്‍ഷുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമിക്കപ്പെടുമെന്ന് ഭയന്ന് സാഹു, ഛേത്രിയെ വയറുകള്‍ ഉപയോഗിച്ച് കെട്ടിയിടുകയും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക് വയറുകള്‍ കൊണ്ട് ബന്ധിച്ച് അര്‍ദ്ധനഗ്‌നനാക്കിയ നിലയിലാണ് നാട്ടുകാര്‍ പ്രിയാന്‍ഷുവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ മെയോ ആശുപത്രിയില്‍ എത്തിച്ച് ചികിത്സനടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.

തെരുവ് ഫുട്ബാളിന്റെ കഥ പറയുന്ന 'ജുന്ദ്' സാമൂഹിക പ്രവര്‍ത്തകനായ വിജയ് ബര്‍സെയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. വിരമിച്ച കായികാധ്യാപകന്‍ തെരുവ് കുട്ടികളെ ഉപയോഗിച്ച് ഒരു ഫുട്ബാള്‍ ടീമുണ്ടാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനോടൊപ്പം വളരെ പ്രാധാന്യമുള്ള വേഷം പ്രിയാന്‍ഷു ചെയ്തിരുന്നു.

പ്രിയാന്‍ഷുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സാഹു ക്രിമിനല്‍ കേസിലെ പ്രതിയാണ്. വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. ട്രെയിന്‍ യാത്രക്കാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.