കോഴിക്കോട്: നാദാപുരത്ത് പത്താം ക്ലാസുകാരിയെ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ബസ് ജീവനക്കാരടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. ഏറാമല പുത്തലത്ത് താഴെകുനി ആദിത്യന്‍(19), വള്ള്യാട് പാറേമ്മല്‍ ആദിത്യന്‍ (19), കോട്ടപ്പള്ളി മഠത്തില്‍ സായൂജ് (19), ആയഞ്ചേരി കൊട്ടോങ്ങിയില്‍ സായൂജ് (20), ആയഞ്ചേരി തയ്യില്‍ അനുനന്ദ് (18) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി നല്‍കിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഇതുപ്രകാരം അഞ്ച് എഫ്‌ഐആറാണ് കേസുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തത്.

രക്ഷിതാക്കളുടെ പരാതിയില്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമങ്ങള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രലോഭിപ്പിച്ചും , ഭീഷണിപ്പെടുത്തിയുമാണ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇക്കാര്യം കൗണ്‍സിലിങ് നടത്തിയ ആള്‍ അറിയിച്ചതു പ്രകാരം വടകര പൊലീസിനെ ഹെഡ്മാസ്റ്റര്‍ ധരിപ്പിക്കുകയായിരുന്നു. പീഡനം ഉണ്ടായത് നാദാപുരം സ്റ്റേഷന്റെ പരിധിയിലായതിനാല്‍ വടകര പൊലീസില്‍നിന്ന് നാദാപുരം പൊലീസിലേക്ക് കേസ് കൈമാറി പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തുകയായിരുന്നു.

പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ച പ്രതികള്‍ പിന്നീട് പല ഘട്ടങ്ങളിലായാണ് ലൈംഗിക പീഡനത്തിനു കുട്ടിയെ വിധേയാക്കിയതെന്നാണു കേസ്. വിവിധ സ്ഥലങ്ങളില്‍ പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. പരാതി ലഭിച്ച ഉടന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.എം.നിധീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ സഹായകരമായത്.