കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചാരിറ്റിയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ ശേഷം തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഒളിവില്‍ കഴിഞ്ഞ പാസ്റ്റര്‍ ടി.പി.ഹരിപ്രസാദിനെ മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് സ്വദേശിനിയായ പരാതിക്കാരിയില്‍ നിന്നും 45 ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റില്‍ ആയത്. 2023 മുതല്‍ ഇയാള്‍ മുളങ്കുഴ കേന്ദ്രമായി പി എം ഐ (PMI) (പെന്തക്കോസ്ത് മിഷന്‍ ഓഫ് ഇന്ത്യ) എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇയാള്‍ വിവിധ ആള്‍ക്കാരില്‍ നിന്നും പണവും സ്വര്‍ണ്ണ ഉരുപ്പടികളും തട്ടിയെടുത്തത്.

കോട്ടയം കുറുമ്പനാടം സ്വദേശിനിയായ ഒരു യുവതിയുമായി ഇയാള്‍ കഴിഞ്ഞ 8 മാസക്കാലമായി തമിഴ്നാട്, ബാംഗ്ലൂര്‍, കേരളത്തിലെ വിവിധ ജില്ലകള്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. കൊല്ലം ജില്ലയിലെ കപ്പലണ്ടി മുക്കിലെ ഒരു ഫ്ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞു വരവേയാണ് വ്യാഴാഴ്ച രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നിര്‍ദ്ദേശാനുസരണം മണര്‍കാട് എസ്.എച്ച്.ഓ അനില്‍ ജോര്‍ജ്, എസ്.ഐ ജസ്റ്റിന്‍ എസ് മണ്ഡപം, എ. എസ്. ഐ മാരായ രഞ്ജിത്ത് ജി, രാധാകൃഷ്ണന്‍ കെ.എന്‍, രഞ്ജിത്ത്.എസ് എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ട്. കുമരകം പോലീസ് സ്റ്റേഷനിലും സമാനമായ കാര്യത്തിന് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിങ്ങവനം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനുകളിലും സമാന സ്വഭാവം ഉള്ള പരാതികള്‍ ലഭിച്ചിട്ടുണ്ട്. സ്ഥിരമായി ഒരേ സ്ഥലത്ത് താമസിക്കാതെ വിവിധ ഇടങ്ങളിലായി മാറിമാറി വാടകയ്ക്കും മറ്റുമായി താമസിക്കുന്നതാണ് ഇയാളുടെ രീതി. അതുകൊണ്ടുതന്നെ പാസ്റ്റര്‍ നമ്പൂതിരി എന്നറിയപ്പെടുന്ന ഇയാളെ കണ്ടെത്തുക ശ്രമകരമായ ഒന്നായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിശദമായ അന്വേഷണങ്ങള്‍ക്കുംതെളിവെടുപ്പുകള്‍ക്കുമായി പ്രതിയെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങും.