പത്തനംതിട്ട: തലയ്ക്ക് നേരെ തോക്ക് ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അമ്മയുടെ പേരിലുള്ള വസ്തുവകകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച മകനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ വില്ലേജിലെ ചെറുകുന്നിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ലിസി ഭവനില്‍ കെ എ എബ്രഹാമിന്റെ ഭാര്യയായ ലിസിക്ക് നേരെയാണ് മകന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. രണ്ടാമത്തെ മകനായ ജോറിനും ഭാര്യ ഷൈനിയുമാണ് ലിസിയുടെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. ഇവരുടെ മക്കളുടെ പേരില്‍ അമ്മയുടെ പേരിലുള്ള വീടും സ്വത്തും എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിക്രമമമെന്നാണ് ലിസിയുടെ പരാതിയില്‍ പറയുന്നത്. ഇളയ മകന്‍ അറിയിച്ചതനുസരിച്ച് പൊലീസ് ഉടന്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.

തലയ്ക്കു നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ലിസി പൊലീസിനോട് വ്യക്തമാക്കിയത്. ഈ സമയത്ത് ഇളയ മകന്‍ ഐറിന്‍ പൊലീസിനെ വിളിച്ചതാണ് രക്ഷയായത്. ഉടന്‍ തന്നെ വീട്ടിലെത്തി ജോറിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് തോക്ക് കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആനയടി പി ഓയില്‍ ചെറുകുന്ന് എന്ന സ്ഥലത്ത് ലിസി ഭവനില്‍ കെ എ എബ്രഹാം ഭാര്യ, 65 വയസ്സുള്ള ലിസിക്കാണ് മകന്റെയും മരുമകളുടെയും അതിക്രമം നേരിടേണ്ടിവന്നത്.

ഇവര്‍ തോക്കുമായി വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ലിസി കഴിഞ്ഞ 30 വര്‍ഷമായി ഭര്‍ത്താവുമൊത്ത് ഗള്‍ഫിലും അമേരിക്കയിലും ജോലി ചെയ്തു വരികയായിരുന്നു. നാലുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളാണ്. മൂത്ത മകന്‍ സന്തോഷും കുടുംബവും ഗോവയിലും രണ്ടാമത്തെ മകനായ ജോറിനും ഭാര്യ ഷൈനിയും, മൂന്നാമത്തെ മകനായ ഐറിനും ഭാര്യ രാജിയും ഇടുക്കിയിലുമാണ് താമസിക്കുന്നത്.

ഇവരുടെ രണ്ടാമത്തെ മകനായ ജോറിനും ഭാര്യ ഷൈനിയുമാണ് വീട്ടിലെത്തി അതിക്രമം കാണിച്ചത്. ആ സമയത്ത് ഇളയ മകനായ ഐറിനും ഭാര്യയും അവരുടെ മകനും വീട്ടില്‍ ഉണ്ടായിരുന്നു. അവര്‍ മറ്റൊരു മുറിയിലായിരുന്നു. പരാതിക്കാരിയുടെ റൂമിലെത്തിയ ജോറിനും ഭാര്യ ഷൈനിയും അവരുടെ മക്കളുടെ പേരില്‍ വീടും സ്വത്തും എഴുതിക്കൊടുക്കണം എന്ന് പറഞ്ഞു തലയ്ക്കു നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഭയന്നുപോയ ലിസി വസ്തുവക എഴുതിക്കൊടുക്കാം എന്ന് പറഞ്ഞതോടെ ഇവര്‍ അടുക്കള ഭാഗത്തേക്ക് തോക്കുമായി പോയി. ഈ സമയത്ത് ഇളയ മകന്‍ ഐറിന്‍ പൊലീസിനെ വിളിച്ചത് അനുസരിച്ച് പൊലീസ് എത്തി. ജെറിനെ പൊലീസ് കൊണ്ടുപോയെങ്കിലും തോക്കുകള്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് ലിസിയുടെ മൊഴി പ്രകാരം അടൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ഡി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തോക്കുകള്‍ കണ്ടെത്തുകയായിരുന്നു. ജോറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിച്ച് വരുന്നതായി അറിയിച്ചു.