അലിഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയിലെ പിലു ഖേര ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും അവരുടെ പ്രിയപ്പെട്ട മധുരമുള്ള പാല്‍ ചായ കുടിക്കുന്നത് തന്നെ നിര്‍ത്തി. കാരണം അറിഞ്ഞാല്‍ ആരും ഞെട്ടിപ്പോകും. വേദ് സിംഗിനെയും കുടുംബത്തെയും അവരുടെ പുതിയ മരുമകള്‍ വിവാഹ രാത്രിയില്‍ തന്നെ 'കൊള്ളയടിച്ച'തോടെയാണ് ഈ ചായ ബഹിഷ്‌കരണം ആരംഭിച്ചത്. സമാനമായ സംഭവം ഉത്തര്‍പ്രദേശിലെ അലിഗഡിലും ഉണ്ടായതോടെ ഗ്രാമവാസികള്‍ ഇപ്പോള്‍ ഭയക്കുന്നതും ആ സംഘത്തെയാണ്. വരനോടൊപ്പം ഒരു രാത്രി ചെലവഴിച്ച ശേഷം പിറ്റേന്ന് രാവിലെ പണവും ആഭരണങ്ങളും എടുത്ത് അപ്രത്യക്ഷമാകുന്ന ലൂട്ടേരി ദുല്‍ഹന്‍സ് എന്ന വമ്പന്‍ തട്ടിപ്പ് സംഘത്തെ.

വിവാഹത്തിന് ശേഷം അടുത്ത ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ വധുവിനെ കാണാനില്ല. കൂടെ ആഭരണങ്ങളും പണവും കാണാതായി. പത്തിലേറെ യുവാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെ പുറത്തുവന്നത് വന്‍ വിവാഹ തട്ടിപ്പാണ്. വിവാഹ പിറ്റേന്ന് പണവും ആഭരണങ്ങളും എടുത്ത് അപ്രത്യക്ഷമാകുന്ന ലൂട്ടേരി ദുല്‍ഹന്‍സ് റാക്കറ്റ് (കടന്നുകളയുന്ന വധുക്കള്‍) കാരണം ആശങ്കയിലാണെന്ന് യുവാക്കള്‍ പറയുന്നു. തട്ടിപ്പിന് നേതൃത്വം നല്‍കുന്നത് മുകേഷ് ഗുപ്ത എന്നയാളാണെന്ന് യുവാക്കള്‍ പറഞ്ഞു. വിവാഹം നടത്താന്‍ മുകേഷ് ഗുപ്ത 1.25 ലക്ഷം രൂപ വീതം വാങ്ങിയെന്ന് വഞ്ചിക്കപ്പെട്ട യുവാക്കള്‍ മൊഴി നല്‍കി.

വിഷയം യുവാക്കള്‍ പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. അലിഗഡിലെ മുന്‍ മേയര്‍ ശകുന്തള ഭാരതി പറഞ്ഞത് നിരവധി പുരുഷന്മാര്‍ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി പരാതി നല്‍കിയിട്ടുണ്ടെന്നാണ്- 'സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയുമാണ് യുവാക്കളെ ബന്ധപ്പെട്ടിരുന്നത്. സുന്ദരികളുടെ ഫോട്ടോ കാണിക്കും. എന്നിട്ട് വിവാഹം തിരക്കിട്ട്, അമ്പലങ്ങളില്‍ വെച്ചോ വീടുകളില്‍ വെച്ചോ ചെറിയ ഹാളുകളില്‍ വെച്ചോ ആയിരുന്നു നടത്തിയിരുന്നത്. പലപ്പോഴും കര്‍വാ ചൗത്തിനോട് അടുപ്പിച്ചാണ് വിവാഹം നടത്തിയത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ് പല യുവാക്കളും. പലരും നാണക്കേട് കാരണം പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല'

അലിഗഡ് സ്വദേശിയായ പ്രതീക് ശര്‍മ്മയ്ക്ക് 4.01 ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളുമാണ് കര്‍വാ ചൗത്തിന്റെ പിറ്റേന്ന് നഷ്ടമായത്. പ്രതിശ്രുത വധു ശോഭ കുടുംബത്തിന് മയക്കുമരുന്ന് കലര്‍ത്തി നല്‍കി സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞു എന്നാണ് പരാതി. വിവാഹാലോചന കൊണ്ടുവന്നത് ആരോപണ വിധേയനായ മുകേഷ് ഗുപ്ത ആയിരുന്നു. 'ലൂട്ടേരി ദുല്‍ഹന്‍സ്' സംഘത്തിലെ മറ്റ് അംഗങ്ങളെപ്പോലെ ഈ സ്ത്രീയും ബിഹാര്‍ സ്വദേശിനിയായിരുന്നുവെന്ന് പ്രതീക് ശര്‍മ്മ പറഞ്ഞു.

'അടുത്ത ദിവസം രാവിലെ ബോധം വന്നപ്പോള്‍, അവള്‍ വീട്ടിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുമായി രക്ഷപ്പെട്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അവള്‍ എടുക്കാതെ പോയ മൊബൈല്‍ ഫോണിലേക്ക് ഇതേ സംഘവുമായി ബന്ധമുള്ള നിരവധി നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി'- പ്രതീക് ശര്‍മ്മ നല്‍കിയ പരാതിയില്‍ പറയുന്നു. യുവാവിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.