- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാംമത വിശ്വാസികള്‍ ആയതിനാല്‍ പലിശരഹിത സ്വര്‍ണവായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ചു; നിലവില്‍ ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം പണയമായി വാങ്ങി മറിച്ചുവിറ്റു; തട്ടിപ്പ് തിരിച്ചറിഞ്ഞത് പണയം തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍; ദമ്പതിമാര്‍ അടങ്ങിയ തട്ടിപ്പ് സംഘത്തിനെതിരെ കേരളത്തില്‍ മാത്രം 1400 പരാതി; രണ്ട് മലയാളികള്‍ അറസ്റ്റില്‍
ബെംഗളൂരു: കേരളത്തില്‍ ഉള്‍പ്പടെ സ്വര്‍ണത്തിന് പലിശ രഹിത വായ്പ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം പണയം വാങ്ങി തട്ടിപ്പു നടത്തിയ രണ്ട് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ മാതമംഗലം കൂറ്റൂര്‍ സ്വദേശി എംപിടി സലാം ഇയാളുടെ സഹായി മണക്കാട്ട് വിദ്യാരണ്യപുരം എംഎസ് പാളയ സര്‍ക്കിളില്‍ എമിറേറ്റ്‌സ് ഗോള്‍ഡ് പാന്‍ ബ്രോക്കേഴ്‌സ് എന്ന് സ്ഥാപനം ഉടമ അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇരിക്കൂര്‍ കലാമിയ മദ്രസ യു പി സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് ഹനീഫയുടെ പരാതിയിലാണ് നടപടി. ഇസ്ലാംമത വിശ്വാസികള്‍ മതവിശ്വാസം അനുസരിച്ച് സ്വര്‍ണം പണയം വച്ചാല്‍ പലിശ രഹിത വായ്പ അനുവദിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് പരാതിയില്‍ പറയുന്നു.
പിടിപി മുഹമ്മദ് അഷ്‌റഫ്, ഇയാളുടെ ഭാര്യ കായക്കൂല്‍ ആയിഷ, എംടിപി സലാം, ഇയാളുടെ ഭാര്യ സറീന എന്നിവരാണ് സ്വര്‍ണം പണയം വാങ്ങി തട്ടിപ്പ് നടത്തിയത്. തളിപ്പറമ്പ് ചിറവക്ക് മെലോറ ജ്വല്ലറിയുടെ പോരിലാണ് തട്ടിപ്പ് നടത്തിയത്. ഇടപാടുകാരില്‍ നിന്നും പണയമായി വാങ്ങുന്ന സ്വര്‍ണം ഇവര്‍ അറിയാതെ മറിച്ചുവില്‍ക്കുന്നതായിരുന്നു രീതി. ഇത്തരത്തില്‍ ബംഗളുരു, മംഗളുരു, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് മലപ്പുറം എന്നിവടങ്ങളില്‍ തട്ടിപ്പ് നടന്നതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. തളിപ്പറമ്പ് പൊലീസില്‍ ഉള്‍പ്പെടെ കേരളത്തില്‍ 1400 പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണവിലയില്‍ 70 മുതല്‍ 80 ശതമാനം വരെയാണ് ഇവര്‍ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്.
എംടിപി സലിം വീട്ടില്‍ വന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് സ്വര്‍ണം തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. റിച്ച്മൗണ്ട് ഗോള്‍ഡ് അന്‍ഡ് സില്‍വര്‍ എന്ന കാസര്‍ഗോഡുള്ള സ്ഥാപനത്തിന്റെ സഹോദര സ്ഥാപനമായ തളിപ്പറമ്പ ചിറവക്കില്‍ മെലോറ എന്ന പേരില്‍ ജ്വലറി ഉണ്ടെന്നും ഇസ്ലാം മത വിശ്വാസികള്‍ ആയതിനാല്‍ മതവിശ്വാസം അനുസരിച്ച് സ്വര്‍ണം പണയം വച്ചാല്‍ പലിശ രഹിത വായ്പ അനുവദിക്കുമെന്നും പറഞ്ഞുവിശ്വസിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ പിടിപി മുഹമ്മദ് അഷ്‌റഫ്, ഇയാളുടെ ഭാര്യ കായക്കൂല്‍ ആയിഷ, എംടിപി സലാം, ഇയാളുടെ ഭാര്യ സറീന എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണ പണയത്തില്‍ പലിശ രഹിത വായ്പയെക്കുറിച്ച് പറഞ്ഞു വിശ്വസിപ്പിച്ചത്.
ഇവര്‍ പറഞ്ഞതു വിശ്വസിച്ച് പരാതിക്കാരനായ മുഹമ്മദ് ഹനീഫ 162.53 ഗ്രാം സ്വര്‍ണവും ഭാര്യയുടെ സഹോദരി നൂര്‍ജഹാന്‍ 260.18 ഗ്രാം സ്വര്‍ണവും പണയം വയ്ക്കാന്‍ കൊടുക്കുകയും ചെയ്തു. സ്വര്‍ണപണയത്തിന് 6,36,00 രൂപ മുഹമ്മദ് ഹനീഫയ്ക്ക് നല്‍കി. നൂര്‍ജഹാന്റെ സ്വര്‍ണത്തിന് 9,92,800 രൂപയും നല്‍കി. ഒരു വര്‍ഷത്തെ കാലാവധിക്കായിരുന്നു സ്വര്‍ണം പണയം വച്ചത്. കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കാന്‍ പണവുമായി എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. ആദ്യം ഒഴിവുകഴിവുകള്‍ പറഞ്ഞ് കാലാവധി നീട്ടുകയായിരുന്നു. ഇതിനിടെ മെലോറ എന്ന സ്ഥാപനത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സ്ഥാപനം തുടങ്ങിയിട്ട് പോലും ഇല്ലെന്നും നിരവധി പേരെ സമാനമായ രീതിയില്‍ പറ്റിച്ചിട്ടുണ്ടെന്നും മനസിലായി. നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞപ്പോള്‍ ആറ് മാസത്തിനുള്ളില്‍ മുഴുവന്‍ സ്വര്‍ണവും തിരികെ നല്‍കാമെന്ന് അറിയിച്ച് പിടിപി മുഹമ്മദ് അഷ്‌റഫും രണ്ട് സാക്ഷികളും ഒപ്പിട്ട എഗ്രിമെന്റും നല്‍കി. എന്നാല്‍ ആ കാലാവധി കഴിഞ്ഞിട്ടും മടക്കി നല്‍കിയില്ല. മാത്രമല്ല. ഇവര്‍ ഇവര്‍ കുടുംബസമേതം താമസം മാറുകയായിരുന്നു.
അതേ സമയം യശ്വന്തപുര സ്വദ്ശി ദാബിര്‍ നല്‍കിയ പരാതിയ പരാതിയില്‍ ബെംഗളൂരു പോലീസിന് കീഴിലുളള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) അന്വേഷണവും നടന്നിരുന്നു. മുഡിഗെരെയില്‍ എആര്‍ ഗോള്‍ഡെന്ന സ്ഥാപന ഉടമയായ ജാബിര്‍ ഇടനിലനിന്ന് ഇയാളുടെ കുടുബക്കാരും സുഹൃത്തുക്കളും ഉള്‍പ്പടെ 41 പേരില്‍ നിന്ന 5 കിലോഗ്രാം സ്വര്‍ണം സലാമും അജിത്തും പണയം വെക്കാന്‍ വാങ്ങിയിരുന്നു. അടുത്തിടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നതോടെ ഇതിലൊരാള്‍ പണയമെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്. തട്ടിപ്പ് സംഘത്തിലെ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.