പത്തനംതിട്ട: സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്വായ്പൂര്‍ പുളിമല സ്വദേശി ലതാകുമാരി (61) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ആശാപ്രവര്‍ത്തകയാണ് മരിച്ച ലതാകുമാരി. കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ്യ.

ഓക്ടോബര്‍ 9 നായിരുന്നു സംഭവം. പൊലീസ് ക്വാട്ടേഴ്സിലെ താമസക്കാരിയായ സുമയ്യ അയല്‍ക്കാരി ലതയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. കേസില്‍ സുമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓഹരി ട്രേഡിങില്‍ സംഭവിച്ച നഷ്ടം നികത്താനായിരുന്നു മോഷണം. ആദ്യം തീപ്പിടിത്തമാണെന്നു കരുതിയെങ്കിലും ലതയുടെ മൊഴി നിര്‍ണ്ണായകമായി. ആദ്യം പോലീസ് ആ മൊഴി വിശ്വസിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിനിടെ തീകൊളുത്തിയതാണെന്നു കണ്ടെത്തിയത്.

സ്വര്‍ണം തരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സുമയ്യ ലതാകുമാരിയുടെ കഴുത്തില്‍ തുണിചുറ്റി കൊല്ലാന്‍ ശ്രമിക്കുകയും മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും തുടര്‍ന്ന് തീക്കൊളുത്തുകയുമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചത്. ലതാകുമാരി മരിച്ചതോടെ സുമയ്യയ്‌ക്കെതിരെ കൊലക്കുറ്റം വരും. ഓഹരി ട്രേഡിങ് ഇടപാടുകളും ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നെടുത്ത വായ്പകളും കടക്കെണിയിലാക്കി. ഒന്നും ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. കൈവശമുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണം പണയം വച്ചുവരെ ഇവര്‍ പണമിടപാടുകള്‍ നടത്തി.

ഓഹരി വിപണിയിലെ ട്രേഡിങ് ഇടപാടുകളിലൂടെ സുമയ്യയ്ക്ക് 50 ലക്ഷം രൂപയിലേറെ നഷ്ടമായി. ലതയുടെ സ്വര്‍ണാഭരണം തട്ടിയെടുത്ത് കടം വീട്ടാനായിരുന്നു ലക്ഷ്യം. മോഷണശ്രമം തടയുന്നതിനിടെയാണ് ലതാകുമാരിക്ക് പൊള്ളലേറ്റത്.ഒക്ടോബര്‍ ഒമ്പതിനായിരുന്നു സംഭവം. മോഷണശ്രമം തടുക്കുന്നതിനിടെയാണ് തനിക്ക് പൊള്ളലേറ്റതെന്ന് ചികിത്സയിലിരിക്കെ ലതാകുമാരി പൊലീസിന് മൊഴി നല്‍കിയിരുന്നു. സമീപത്തെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യ സുമയ്യയാണ് വീട്ടില്‍ അതിക്രമിച്ചുകയറി തീകൊളുത്തിയതെന്നും മൊഴിലുണ്ടായിരുന്നു.

സുമയ്യ തന്നോട് സ്വര്‍ണാഭരണങ്ങള്‍ ചോദിച്ചിരുന്നു. അത് കൊടുക്കാത്തതിലുള്ള പകയാണ് അതിക്രമത്തിന് പിന്നിലെന്നും ലതാകുമാരി അന്ന് പൊലീസിനോട് വ്യക്തമാക്കി. തന്നെ കെട്ടിയിട്ട ശേഷം സുമയ്യ മാലയും വളയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കവര്‍ന്നെന്നും മൊഴിയിലുണ്ടായിരുന്നു.