തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടികൂടിയ മധുര സ്വദേശി ബെഞ്ചമിന്‍ അപകടകാരിയായ കൊടുംക്രിമിനല്‍ എന്ന് പൊലീസ്. പ്രതിയെ പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണ ശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. ആദ്യമായാണ് ബെഞ്ചമിന്‍ കേരളത്തില്‍ എത്തുന്നതെന്നും ഇതിനുമുന്‍പ് തമിഴ്നാട്ടില്‍ പല സ്ത്രീകളേയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

അതിസാഹസികമായാണ് 35-കാരനായ പ്രതിയെ പോലീസ് പിടികൂടിയത്. പീഡനശ്രമത്തിന് ശേഷം ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് ബെഞ്ചമിന്‍ കടന്നത്. അവിടെനിന്ന് മധുരയിലേക്ക് രക്ഷപ്പെട്ടു. മധുരയില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയിരുന്നതായി ബെഞ്ചമിന്‍ പോലീസിനോട് പറഞ്ഞു. കേരളം തനിക്ക് ഇഷ്ടപ്പെട്ടെന്നും ഇനിയും വരാന്‍ പദ്ധതി ഇട്ടിരുന്നതായും പ്രതിയുടെ വെളിപ്പെടുത്തലുണ്ട്. കേരളത്തില്‍ ആദ്യമായാണ് എത്തിയതെന്ന് പ്രതി പറഞ്ഞു. ട്രക്ക് ഡ്രൈവറായ ഇയാള്‍ തമിഴ്‌നാട്ടില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. തെരുവില്‍ കഴിയുന്ന സ്ത്രീകളെയാണ് താന്‍ കൂടുതലും പീഡിപ്പിച്ചിട്ടുള്ളതെന്നും ബെഞ്ചമിന്‍ മൊഴിയില്‍ പറയുന്നു.

രാത്രി രണ്ടുമണിയോടെയാണ് കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ ബെഞ്ചമിന്‍ ഉപദ്രവിച്ചത്. ഹോസ്റ്റലില്‍ സിസിടിവി ഇല്ലായിരുന്നു. ഹോസ്റ്റല്‍ പരിസരത്തെയും റോഡിലേയും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഹോസ്റ്റലിലെ പീഡനത്തിന് മുന്‍പ് സമീപത്തെ മൂന്ന് വീടുകളില്‍ ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നു. സിസിടിവിയില്‍ വരാതിരിക്കാന്‍ സമീപത്തെ ഒരു വീട്ടില്‍നിന്ന് കുടയെടുത്ത് മുഖംമറച്ചായിരുന്നു ഹോസ്റ്റലില്‍ ഇയാള്‍ കയറിയത്. ഒരു വീട്ടില്‍നിന്ന് തൊപ്പിയും മറ്റൊരു വീട്ടില്‍നിന്ന് ഹെഡ്ഫോണും പ്രതി എടുത്തു. കേരള പോലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. പോലീസ് പിന്തുടര്‍ന്ന് അടുത്തെത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ബെഞ്ചമിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് സംഘം സാഹസികമായി പിന്നാലെ ഓടിയാണ് ഇയാളെ പിടികൂടിയത്.

മധുരയില്‍നിന്നു തിരുവനന്തപുരത്തേക്കു സ്വന്തം ലോറിയില്‍ ലോഡുമായി എത്തുന്നയാളാണു പ്രതി. തോന്നയ്ക്കലിലുള്ള ഗാരിജിലേക്കു സാധനങ്ങളുമായി വന്ന പ്രതി കഴക്കൂട്ടത്താണു തങ്ങിയത്. റോഡരികില്‍ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സര്‍വീസ് റോഡിനു സമീപത്തുകൂടി നടക്കുമ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ വെളിച്ചം കണ്ടത്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ എത്തി ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. പുലര്‍ച്ചെ വരെ പരിസരത്തു തന്നെ കറങ്ങിനടന്നതിനു ശേഷമാണ് പ്രതി ആറ്റിങ്ങലിലേക്കു കടന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു. സമീപത്തെ എടിഎം കൗണ്ടറിലെ നിരീക്ഷണ ക്യാമറയില്‍ നിന്നു പ്രതിയുടെ ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.

തമിഴ്നാട്ടില്‍ ബഞ്ചമിന്റെ പേരില്‍ നിരവധി കേസുകളുണ്ട്. അതിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. പ്രതിയെ ഇന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തും. ഇയാള്‍ ഓടിച്ചിരുന്ന ട്രക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഈ കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിന് രണ്ട് മണിയോടുകൂടിയാണ് കഴക്കൂട്ടത്ത് യുവതി താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വാതില്‍ തള്ളി തുറന്ന് അകത്തു കയറിയ പ്രതി ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ച് വായ പൊത്തി കഴുത്ത് ഞെരിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ യുവതി കഴക്കൂട്ടം പോലീസില്‍ എത്തി പരാതിനല്‍കി.

ഹോസ്റ്റലില്‍ സിസിടിവി ക്യാമറ ഇല്ലാത്തതിനാല്‍ പ്രതിയെപ്പറ്റി ഒരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം നടത്തിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം, തുമ്പ, പേരൂര്‍ക്കട സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍, സിറ്റി ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിനുശേഷം ട്രക്കുമായി ഇയാള്‍ നാട്ടിലേക്ക് പോകുന്ന വഴിക്കാണ് പോലീസ് പിടികൂടുന്നത്. സംഭവം നടന്ന 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. സംഭവം നടന്ന രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ പിടിക്കാനായത് പോലീസിന് വലിയ ആശ്വാസമായി.