- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുത്തശ്ശിയെ ഫോണില്‍ വിളിച്ച ഒമ്പതു വയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദനം; നിലത്തിട്ട് ചവിട്ടി; പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം; വീഡിയോ പ്രചരിച്ചതോടെ അധ്യാപകന്‍ അറസ്റ്റില്‍, സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ സാധ്യത
മൈസൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഒമ്പതു വയസുകാരനായ വിദ്യാര്‍ഥിയെ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെതിരെ നടപടി. വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തു. വീരേഷ് ഹിരാമത്ത് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രധാന അധ്യാപകന്‍ മര്‍ദിച്ചതിന് പിന്നാലെ ഒമ്പത് വയസ്സുകാരന്‍ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. സമയത്ത് ചിലര്‍ കണ്ടതിനാല്‍ കുട്ടിയെ രക്ഷപ്പെടുത്താനായി. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ പൊലീസില്‍ അറിയിച്ചില്ലെന്നും വീഡിയോ പുറത്തുവന്നതോടെ പരാതി നല്‍കിയെന്നും മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാനും സാധ്യതയുണ്ട്.
നായ്ക്കനഹട്ടി സംസ്‌കൃത വേദവിദ്യാലയത്തിലെ പ്രധാന അധ്യാപകനാണ് മുത്തശ്ശിയെ ഫോണില്‍ വിളിച്ചതിന്റെ പേരില്‍ കുട്ടിയെ നിലത്തിട്ട് ചവിട്ടിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രധാന അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീരേഷ് ഹിരാമത്ത് എന്ന അധ്യാപകന്‍ കുട്ടിയെ നിലത്തിട്ട് ക്രൂരമായി ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ക്രൂര മര്‍ദനം. ചവിട്ടേറ്റ് കുട്ടി ദയനീയമായി നിലവിളിക്കുമ്പോഴും അട്ടഹാസം മുഴക്കിയായിരുന്നു മര്‍ദനം.
വിഡിയോ പുറത്തുവന്നതോടെ ക്ഷേത്രം ട്രസ്റ്റി ഗംഗാധരപ്പ, പ്രധാന അധ്യാപകനെതിരെ നായ്ക്കനഹട്ടി പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പ്രതി ഒളിവില്‍ പോവുകയും ചെയ്തിരുന്നു. അതേസമയം ക്ഷേത്രം ട്രസ്റ്റിയുടെ നടപടിയില്‍ പ്രദേശത്തുകാര്‍ സംതൃപ്തരല്ല. ഈ വിദ്യാലയം ഇനി പ്രവര്‍ത്തിക്കേണ്ട എന്ന നിലപാടിലാണ് നാട്ടുകാര്‍. സ്‌കൂള്‍ ഓഫീസിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാര്‍ ട്രസ്റ്റിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ചിത്രദുര്‍ഗ ജില്ലയില്‍ ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളായി പ്രവര്‍ത്തിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തില്‍ മുപ്പതോളം കുട്ടികളുണ്ടായിരുന്നു. പ്രധാന അധ്യാപകന്റെ ക്രൂരത ഭയന്ന് പലരും സ്ഥലംവിട്ടു. ഇപ്പോള്‍ പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. പ്രധാനാധ്യാപാകന്‍ തങ്ങളെയും ഭീഷണിപ്പെടുത്താറുണ്ടെന്ന് മറ്റ് കുട്ടികള്‍ പറയുന്നു.
തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ-ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ ഉറപ്പ് നല്‍കിയിരുന്നു. ആരോടും, പ്രത്യേകിച്ച് കുട്ടികളോട്, ഒരിക്കലും ഇങ്ങനെ പെരുമാറരുത്. ഈ കേസ് വ്യക്തിപരമായി അന്വേഷിക്കുകയും കുറ്റക്കാരനായ വ്യക്തിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. സംഭവത്തെക്കുറിച്ച് എത്രയും പെട്ടെന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി.