കൊച്ചി: പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം നേരിടേണ്ടി വന്നതായി യുവതിയുടെ പരാതി. എറണാകുളം അങ്കമാലിയിലാണ് സംഭവം. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും അന്ധവിശ്വാസിയായ ഭര്‍ത്താവിനെതിരെ കേസുമായി മുന്നോട്ടുപോകുമെന്നും യുവതിയും കുടുംബവും വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ അങ്കമാലി പോലീസ് കേസെടുത്തു.

നിരന്തരം മര്‍ദ്ദിച്ചെന്നും കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ''ആണ്‍കുട്ടിയായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇത് പെണ്‍കുട്ടിയാണല്ലോയെന്നും പറഞ്ഞായിരുന്നു മര്‍ദിച്ചത്. പെണ്‍കുട്ടിയായതുകൊണ്ട് ചെലവ് കൂടുമെന്നും നിന്റെ അച്ഛനോട് പണം ചോദിക്കെന്നും പറഞ്ഞായിരുന്നു മര്‍ദിച്ചത്. വടികൊണ്ട് അടിച്ചു. തലയില്‍ സ്റ്റിച്ചുണ്ടായിരുന്നു. തലയില്‍ നിന്നും ചോരയൊലിച്ചു വന്നു. അങ്ങനെ ആശുപത്രിയിലായി. തല കട്ടിലില്‍ മുട്ടിയതാണെന്ന് ആശുപത്രിയില്‍ ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു. 15 പവന്‍ സ്ത്രീധനം പോരാ. നിന്നെപ്പോലെയുള്ള പെണ്ണിന് 20 എങ്കിലും വേണമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് അയാള്‍ വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു'', ഭര്‍ത്താവ് അന്ധവിശ്വാസിയാണെന്നും യുവതി പറഞ്ഞു.

വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാന്‍ പലതവണ യുവതിയ്ക്ക് വീട്ടുകാര്‍ വാങ്ങിനല്‍കിയ മൊബൈല്‍ ഫോണുകള്‍ ഇയാള്‍ നശിപ്പിക്കുകയും ചെയ്തു. താനനുഭവിക്കുന്ന ക്രൂരതകള്‍ വീട്ടുകാരോട് പങ്കുവെക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു.

തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് ആശുപത്രിയിലെത്തിച്ച ഇയാള്‍ യുവതിയ്ക്ക് അപസ്മാരമുണ്ടായപ്പോള്‍ ചുമരില്‍ തലയിടിച്ചാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ അശുപത്രി അധികൃതരോട് പറഞ്ഞത്. വടിയുപയോഗിച്ചും ഇരുമ്പ് ദണ്ഡുപയോഗിച്ചും പല തവണ ദോഹോപദ്രവമേല്‍പിച്ചായും യുവതി പരാതിയില്‍ വ്യക്തമാക്കി. കുഞ്ഞിനേയും ഇയാള്‍ ഉപദ്രവിക്കാറുണ്ടായിരുന്നതായും യുവതി പറഞ്ഞു.

2020 ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരുവര്‍ഷത്തോളം പ്രശ്‌നങ്ങളില്ലാതെ പോയെങ്കിലും പെണ്‍കുഞ്ഞ് പിറന്നതിന് ശേഷം നാല് വര്‍ഷത്തോളം കടുത്ത പീഡനങ്ങള്‍ക്കാണ് യുവതി ഇരയായത്. ചികിത്സയ്ക്കായി എത്തിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയ സംശയങ്ങളാണ് വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. പിന്നാലെ യുവതി പൊലീസിന് പരാതി നല്‍കുകയായിരുന്നു. 2021 ജൂണ്‍ മുതല്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ആരോപിക്കുന്നത്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.