- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്‌കൈപ്പ് വഴി ബന്ധപ്പെട്ട് ഡിജിറ്റല്‍ അറസ്റ്റ്; വയനാട്ടിലെ ഐടി ജീവനക്കാരനില്‍ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷത്തോളം രൂപ: രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍
സ്‌കൈപ്പ് വഴി ബന്ധപ്പെട്ട് ഡിജിറ്റല്‍ അറസ്റ്റ്; രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍
കല്‍പറ്റ: വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ മലയാളി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രാജസ്ഥാന്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ ബിക്കാനീര്‍ സ്വദേശിയായ ശ്രീരാം ബിഷ്‌ണോയി (28) എന്നയാളെ വയനാട് സൈബര്‍ ക്രൈം പൊലീസ് രാജസ്ഥാനിലെത്തി പിടികൂടി. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ ഐടി ജീവനക്കാരനില്‍ നിന്നാണ് ഇയാള്‍ അഞ്ചു ലക്ഷത്തോളം രൂപ കവര്‍ന്നത്.
സ്‌കൈപ്പ് വഴി ബന്ധപ്പെട്ട് വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തിയാണ് രാജസ്ഥാനില്‍ നിന്നുംള്ള തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്. 2024 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. യുവാവിനെ തട്ടിപ്പുകാര്‍ സ്‌കൈപ് വഴി ബന്ധപ്പെടുകയായിരുന്നു. മുംബൈ പോലിസ് എന്ന വ്യാജേനയാണ് പ്രതികള്‍ യുവാവിനെ വിളിക്കുന്നത്. ഇയാളുടെ പേരില്‍ വിവിധ ബാങ്കുകളില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് വായ്പകള്‍ നേടിയതായി വിവരമുണ്ടെന്നും അതിന്റെ പേരില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കാനായി യുവാവിന്റെ അക്കൗണ്ടിലെ പണം അടുത്ത ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ശേഷം യുവാവിന്റെ ബാങ്ക് അക്കൗണ്ടില്‍ പ്രീ അപ്രൂവ്ഡ് ആയി ഉണ്ടായിരുന്ന വ്യക്തിഗത വായ്പാ തുക പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റി എടുത്തു. ഇത് തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞ പരാതിക്കാരന്‍ സൈബര്‍ പോര്‍ട്ടല്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് പടിഞ്ഞാറത്തറ പൊലീസ് കേസെടുക്കുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പുകാരുടെ ലൊക്കേഷന്‍ രാജസ്ഥാനിലെ പാക്ക് അതിര്‍ത്തി പ്രദേശങ്ങളായ നോക്ക, ബുലാസര്‍ബാര എന്നിവിടങ്ങളിലാണെന്ന് സൈബര്‍ പൊലീസ് സംഘം മനസിലാക്കി. തുടര്‍ന്ന് ഈ കേസിലെ പ്രതികളില്‍ ഒരാളായ ശ്രീരാം ബിഷനോയി എന്നയാളെ ബിക്കാനീറില്‍ നിന്നും പണം കൈമാറാന്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടക്കം പിടികൂടുകയായിരുന്നു. ബിക്കാനീര്‍ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റോടെയാണ് ഇയാളെ വയനാട്ടിലെത്തിച്ചത്. തുടര്‍നടപടികള്‍ക്ക് ശേഷം മാനന്തവാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




