ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വനിതാ ഡോക്ടറെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയില്‍ ഡെലിവറി ബോയ് ആയി ജോലിചെയ്യുന്ന ഛത്തര്‍പുര്‍ സ്വദേശി ആരവിനെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി ബോധരഹിതയാക്കിയശേഷമാണ് പ്രതി വനിതാ ഡോക്ടറെ പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതി ഇന്‍സ്റ്റഗ്രാം വഴിയാണ് വനിതാ ഡോക്ടറെ പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സൈനിക ഉദ്യോഗസ്ഥനാണെന്നും സൈന്യത്തില്‍ ലെഫ്റ്റനന്റ് ആണെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് സൗഹൃദം സ്ഥാപിച്ചത്. താന്‍ ജമ്മുകശ്മീരില്‍ ജോലിചെയ്യുകയാണെന്നും പ്രതി പറഞ്ഞിരുന്നു. വിശ്വാസംനേടാനായി സൈനിക യൂണിഫോമിലുള്ള ചില ചിത്രങ്ങളും അയച്ചുനല്‍കി. തുടര്‍ന്ന് ഇരുവരും പരസ്പരം മൊബൈല്‍നമ്പറുകളും കൈമാറി. ഇതോടെ വാട്സാപ്പ് ചാറ്റിങ്ങും ഫോണ്‍വിളിയും ആരംഭിച്ചു.

ഒക്ടോബര്‍ ആദ്യം വനിതാ ഡോക്ടറെ ഫോണില്‍ വിളിച്ച പ്രതി, താന്‍ ഡല്‍ഹിയില്‍ വരുന്നുണ്ടെന്നും കാണാമെന്നും അറിയിച്ചു. തുടര്‍ന്ന് ഡോക്ടറുടെ വീട്ടിലെത്തിയ പ്രതി ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയശേഷം ഡോക്ടറെ പീഡിപ്പിച്ചെന്നാണ് പരാതി. ബോധം വീണ്ടെടുത്തതിന് പിന്നാലെ വനിതാ ഡോക്ടര്‍ പീഡനവിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ മുങ്ങിയ പ്രതിയെ ദിവസങ്ങളോളും നീണ്ട തിരച്ചിലിന് ശേഷമാണ് പോലീസ് പിടികൂടിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ വനിതാ ഡോക്ടറെ കബളിപ്പിക്കാനായാണ് താന്‍ സൈനിക യൂണിഫോം വാങ്ങിയതെന്നും ഡെലിവറി ബോയ് ആയാണ് താന്‍ ജോലിചെയ്യുന്നതെന്നും പ്രതി സമ്മതിച്ചു.