പാലക്കാട്: അസ്വാഭാവിക മരണത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താതെ മരിച്ചയാളുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കിയതില്‍ പാലക്കാട് ജില്ലാ ആശുപത്രി ജീവനക്കാരുടേത് കടുത്ത അനാസ്ഥയെന്ന് ആരോപണം. വിഷം അകത്തുചെന്ന് ജില്ല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് മുന്‍പെ വിട്ടുനല്‍കിയത്. പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ആശുപത്രി അധികൃതര്‍ വീട്ടിലെത്തി തിരികെ കൊണ്ടുപോവുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്ന് അറിയിച്ചതോടെ ബന്ധുക്കള്‍ സമ്മതംമൂളുകയായിരുന്നു.

അസ്വാഭാവിക മരണത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയില്ലെന്ന അബദ്ധം മനസ്സിലാക്കിയതോടെയാണ് വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹം തിരികെ കൊണ്ടുപോയത്. സെപ്റ്റംബര്‍ 25നാണ് മുണ്ടൂര്‍ സ്വദേശി സദാശിവനെ (62) വിഷം കഴിച്ച നിലയില്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചത്. ഒരു മാസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് 5.30ഓടെ മരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സില്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.

എന്നാല്‍, പിന്നീടാണ് ആശുപത്രി അധികൃതര്‍ക്കു പറ്റിയ അമളി മനസ്സിലായത്. ഇതോടെ ആശുപത്രി ജീവനക്കാരും പിന്നാലെ വീട്ടിലെത്തി. അപ്പോഴേക്കും മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചിരുന്നു. തിങ്കളാഴ്ച സംസ്‌കാര സമയവും നിശ്ചയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടില്ലെന്നും മൃതദേഹം തിരികെ കൊണ്ടുപോകണമെന്നും ആശുപത്രി ജീവനക്കാര്‍ അറിയിച്ചു. ജീവനക്കാര്‍ക്കൊപ്പം പൊലീസും സ്ഥലത്തെത്തിയിരുന്നു.

ജില്ല ആശുപത്രിയുടെ സ്വന്തം ചെലവില്‍ ആംബുലന്‍സ് നല്‍കിയാണ് മൃതദേഹം തിരികെയെത്തിച്ചത്. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തി. ജില്ല ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും കുടുംബത്തിന് മാനസികപ്രയാസം ഉണ്ടായതായും ബന്ധുക്കള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് കുടുംബം പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സദാശിവന്റെ മൃതദേഹം സംസ്‌കരിച്ചു. വീഴ്ച സംബന്ധിച്ച് ബന്ധപ്പെട്ട ഡോക്ടറില്‍നിന്നും ജീവനക്കാരില്‍നിന്നും വിശദീകരണം തേടുമെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ പറഞ്ഞു.