കൊച്ചി: കൊച്ചിയില്‍ രാസലഹരിയുമായി സിനിമാപ്രവര്‍ത്തകരെ എക്‌സൈസ് പിടികൂടി. മെറി ബോയ്‌സ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരായ രതീഷ്, നിഖില്‍ എന്നിവരാണ് എക്‌സ്സൈസ് പിടിയിലായത്. കണ്ണൂര്‍ സ്വദേശികളാണ് ഇവര്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നത്തുനാടിന് സമീപത്തെ ലോഡ്ജില്‍വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് രണ്ട് ഗ്രാമില്‍ അധികം എംഡിഎംഎയും ആറ് ഗ്രാമില്‍ അധികം കഞ്ചാവും പിടിച്ചെടുത്തു. ഇവര്‍ക്ക് ആരാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത് എന്നതിലുള്‍പ്പെടെ അന്വേഷണം നടത്തും. സിനിമയിലെ ആര്‍ട്ട് വര്‍ക്കര്‍മാരാണ് നിഖിലും രതീഷും.

മാജിക് ഫ്രെയിംസിന്റെ പുതിയ ചിത്രമാണ് മെറി ബോയ്‌സ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മാതാവ് മലയാള സിനിമയിലേക്ക് പുതുമുഖ പ്രതിഭകളെ കൊണ്ടുവരുന്ന ചിത്രമാണ് മെറി ബോയ്‌സ്. മുഖം മറച്ചു നില്‍ക്കുന്ന നായികമാരുടെ പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും 'മെറി ബോയ്‌സ്' എന്നാണ് സൂചന.

മുന്‍നിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ശ്രീപ്രസാദിന്റെയും അരങ്ങേറ്റ ചിത്രമാണിത്. നിര്‍മ്മാതാവിനോ സംവിധായകനോ ഒന്നും ഈ കേസുമായി ബന്ധമില്ലെന്നാണ് എക്‌സൈസ് നല്‍കുന്ന സൂചന.