മുംബൈ: ഓഡീഷനെത്തിയ കുട്ടികളെ ബന്ദികളാക്കിയ യുവാവിന്റെ നീക്കം പൊളിച്ച് മുംബൈ പൊലീസ്. രോഹിത് ആര്യ എന്ന യുവാവാണ് കുട്ടികളെ അഭിനയക്കളരിയിലെ സ്റ്റുഡിയോയില്‍ പൂട്ടിയിട്ട് ബന്ദികളാക്കിയത്. സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസ് വാതില്‍തകര്‍ത്ത് കുട്ടികളെയെല്ലാം മോചിപ്പിക്കുകയായിരുന്നു. കുട്ടികളെ പൂട്ടിയിട്ട രോഹിത് ആര്യ അറസ്റ്റിലായി. രോഹിതിനെ വെടിയുതിര്‍ത്താണ് പൊലീസ് കീഴ്‌പ്പെടുത്തിയത്.

ഏതാനും ചില വ്യക്തികളുമായി സംസാരിക്കാനാണ് കുട്ടികളെ ബന്ദികളാക്കിയത് എന്നു പറയുന്ന പ്രതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആരോടാണ് സംസാരിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കെട്ടിടത്തിന് തീയിടുമെന്നായിരുന്നു ഭീഷണി. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്തുവച്ച് അറസ്റ്റ് ചെയ്തു.

ആര്‍ എ സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. സ്റ്റുഡിയോ ജീവനക്കാരനാണ് പിടിയിലായതെന്നാണ് വിവരം. കുട്ടികളെ ബന്ദികളാക്കിയ ശേഷം ഇയാള്‍ ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ നടപടിയെടുത്തെന്നും കുട്ടികളെ സുരക്ഷിതരാക്കാന്‍ സാധിച്ചെന്നും പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. എന്തായിരുന്നു ഇയാളുടെ ആവശ്യമെന്ന് വ്യക്തമല്ല.

സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രതി പുറത്തുവിട്ട വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 'ഞാന്‍ രോഹിത് ആര്യയാണ്. ആത്മഹത്യ ചെയ്യുന്നതിനുപകരം, ഞാന്‍ ഒരു പദ്ധതി തയ്യാറാക്കി, കുറച്ച് കുട്ടികളെ ഇവിടെ ബന്ദികളാക്കിയിരിക്കുകയാണ്'- എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്.

'ധാര്‍മ്മിക ആവശ്യങ്ങളും, കുറച്ച് ചോദ്യങ്ങളുമാണ് ഉള്ളത്. നിങ്ങളില്‍ നിന്നുള്ള ചെറിയൊരു നീക്കം പോലും എന്നെ പ്രകോപിപ്പിക്കും'-എന്നും ഇയാള്‍ താക്കീത് ചെയ്യുന്നുണ്ട്. സ്ഥലം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. താന്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു തീവ്രവാദിയല്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

'എനിക്ക് ലളിതമായ ആശയവിനിമയം വേണം, അതുകൊണ്ടാണ് ഞാന്‍ ഈ കുട്ടികളെ ബന്ദികളാക്കിയത്. ഒരു പദ്ധതിയുടെ ഭാഗമായി ഞാന്‍ അവരെ ബന്ദികളാക്കിയിട്ടുണ്ട്. ജീവിച്ചിരിക്കുകയാണെങ്കില്‍ ഞാന്‍ അത് ചെയ്യും. ഞാന്‍ മരിച്ചാല്‍, മറ്റാരെങ്കിലും ചെയ്യും, പക്ഷേ അത് തീര്‍ച്ചയായും സംഭവിക്കും, കാരണം നിങ്ങളുടെ ഒരു ചെറിയ തെറ്റായ നീക്കം പോലും എന്നെ ഈ സ്ഥലം മുഴുവന്‍ കത്തിച്ച് അതില്‍ മരിക്കാന്‍ പ്രേരിപ്പിക്കും,'- പ്രതി പറഞ്ഞു.സ്റ്റുഡിയോയില്‍ ഒരു സിനിമയുടെ ഓഡിഷനായി എത്തിയതായിരുന്നു കുട്ടികള്‍. ഇവിടെ നിന്ന് എയര്‍ ഗണ്ണും ചില രാസവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.