- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പെണ്‍കുട്ടി വാതില്ക്കല്നിന്ന് മാറാത്തത് പ്രകോപനമായി; ട്രെയിനില്‍നിന്ന് ചവിട്ടിത്തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ; എഫ്ഐആറില്‍ സുരേഷ് കുമാറിനെതിരേ ഗുരുതര പരാമര്‍ശം; വധശ്രമത്തിനുള്ള വകുപ്പ് ചുമത്തി കേസെടുത്തു
തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പത്തൊന്‍പതുകാരിയെ തിരുവനന്തപുരം പനച്ചമൂട് സ്വദേശി സുരേഷ്‌കുമാര്‍ പുറത്തേക്ക് ചവിട്ടി തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആര്‍. വഴി മാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായെന്നും എഫ്ഐആറില്‍ പറയുന്നു. സുരേഷ്‌കുമാറി(50)നെതിരേ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. തിരുവനന്തപുരം റെയില്‍വേ പോലീസാണ് സുരേഷ്‌കുമാറിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണത്തിനും ചോദ്യംചെയ്യലിനുശേഷം പ്രതിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പോലീസ് അറിയിച്ചു.
ആക്രമണത്തിനിരയായ പേയാട് സ്വദേശിനി ശ്രീക്കുട്ടി(20) ട്രെയിനിലെ വാതിലിന് സമീപത്തുനിന്ന് മാറികൊടുത്തില്ല എന്നതിന്റെ വിരോധത്തിലാണ് സുരേഷ്‌കുമാര്‍ പെണ്‍കുട്ടിയെ നടുവിന് ചവിട്ടിത്തള്ളിയിട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിന്റെ എസ്എല്‍ആര്‍ കോച്ചില്‍ വര്‍ക്കല സ്റ്റേഷന്‍ കഴിഞ്ഞപ്പോളായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ട് സുരേഷ്‌കുമാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. ഇതുകണ്ട് നിലവിളിച്ച ശ്രീക്കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെ കൈകൊണ്ടും കാലുകൊണ്ടും പിടിച്ച് തള്ളിയിട്ടെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
പരുക്കേറ്റ ശ്രീകുട്ടി സുഹൃത്തുമൊത്ത് കേരള എക്‌സപ്രസ്സിലെ SLR കോച്ചില്‍ വാതില്‍ ഭാഗത്ത് നിന്ന് യാത്രചെയ്യുകയായിരുന്നു. രാത്രി 8 മണിയോടുകൂടി ഡി കോച്ചില്‍ യാത്ര ചെയ്തു വന്ന പ്രതി വാതില്‍ ഭാഗത്ത് എത്തിയ സമയം പെണ്‍കുട്ടി മാറികൊടുത്തില്ല. ഇതായിരുന്നു പ്രതിയ്ക്ക് പെണ്‍കുട്ടിയുമായുള്ള വിരോധത്തിന് കാരണമായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താന്‍ പ്രതിയായ സുരേഷ് കുമാര്‍ ശ്രമിച്ചിരുന്നു. അങ്ങിനെയാണ് ശ്രീകുട്ടിയുടെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടതെന്ന് എഫ്ഐആറില്‍ സ്ഥിരീകരിക്കുന്നു. ശ്രീകുട്ടിയെ തള്ളിയിടുന്നത് കണ്ട സുഹൃത്ത് അര്‍ച്ചന നിലവിളിക്കുകയും ഇവരെയും പ്രതി വലത്തേ കൈയ്യിലും വലതു കാലിലുമായി പിടിച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. വധശ്രമം ഉള്‍പ്പടെ ബി എന്‍ എസ് 102 വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ശ്രീക്കുട്ടിയെ ചവിട്ടിത്തള്ളിയിട്ടതെന്ന് ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശൗചാലയത്തില്‍ പോയി പുറത്തുവന്നപ്പോള്‍ പ്രതി ശ്രീക്കുട്ടിയുടെ നടുവിന് ചവിട്ടി തള്ളിയിട്ടെന്നാണ് അര്‍ച്ചനയുടെ മൊഴി. ഇതുകണ്ട് നിലവിളിച്ച അര്‍ച്ചനയെയും പ്രതി ചവിട്ടിയിട്ടു. എന്നാല്‍, അര്‍ച്ചന വാതിലിന്റെ കമ്പിയില്‍ പിടിച്ചുതൂങ്ങി. ഇതോടെ ഓടിയെത്തിയ മറ്റുയാത്രക്കാരാണ് അര്‍ച്ചനയെ ട്രെയിനിനുള്ളിലേക്ക് പിടിച്ചുകയറ്റിയത്. തുടര്‍ന്ന് പ്രതി സുരേഷ്‌കുമാറിനെ യാത്രക്കാര്‍ തടഞ്ഞുവെയ്ക്കുകയും കൊച്ചുവേളി സ്റ്റേഷനില്‍വെച്ച് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പരിക്കേറ്റ് ട്രാക്കില്‍ കിടന്ന ശ്രീക്കുട്ടിയെ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനില്‍ കയറ്റിയാണ് രക്ഷിച്ചത്. തുടര്‍ന്ന് വര്‍ക്കല സ്റ്റേഷനില്‍ ഇറക്കി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്ക് ഗുരുതരപരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയ പരുക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വീഴ്ചയില്‍ തലയ്ക്കാണ് ശ്രീകുട്ടിയ്ക്ക് പരുക്കേറ്റത്.
അക്രമിയായ സുരേഷ് കുമാര്‍ തിരുവനന്തപുരം വെള്ളറട പനച്ചമൂട് സ്വദേശിയാണ്. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യയുമായി ദീര്‍ഘനാളായി പിണക്കത്തില്‍ കഴിയുകയാണെന്നാണ് വിവരം. പെയിന്റിങ് ജോലി ചെയ്തിരുന്ന പ്രതിക്ക് കഴിഞ്ഞദിവസങ്ങളില്‍ കോട്ടയം ഭാഗത്തായിരുന്നു ജോലി. കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ഇയാളും സുഹൃത്തും കേരള എക്‌സ്പ്രസില്‍ കയറിയത്. അമിതമായി മദ്യപിച്ച് ട്രെയിനില്‍ കയറിയ സുരേഷ് കുമാര്‍ ശുചിമുറിയുടെ ഭാഗത്താണ് നിന്നിരുന്നത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാകും.




