ന്യൂഡല്‍ഹി: ആഡംബര വാഹനങ്ങള്‍ ഇന്ത്യയിലേക്കു കടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഭൂട്ടാന്‍ സര്‍ക്കാരും. ഇന്ത്യ-ഭൂട്ടാന്‍ അധികൃതര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതിനിടെ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ ധാരണയായിട്ടുണ്ട്. ഭൂട്ടാന്‍ പട്ടാള വണ്ടികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെത്തിയതിന്റെ അടിസ്ഥാനത്തില്‍ നേരത്തേ ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൊച്ചി കസ്റ്റംസ് നടത്തിയ 'ഓപ്പറേഷന്‍ നുമ്‌ഖോര്‍' പരിശോധനയിലാണ് കടത്ത് വ്യക്തമായത്.

കേരളത്തിലേക്കുള്ള വാഹനക്കടത്ത് സംഭവത്തില്‍ അന്വേഷണവുമായി സഹകരിക്കാനാണ് ഭൂട്ടാന്റെ തീരുമാനം. ഭൂട്ടാനിലെ ധനകാര്യ മന്ത്രാലയത്തിനു കീഴിലെ റവന്യൂ ആന്‍ഡ് കസ്റ്റംസ് വിഭാഗം (ഡിആര്‍സി) കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഭൂട്ടാന്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഭൂട്ടാനില്‍ നിന്നു കടത്തിയ വാഹനങ്ങള്‍ കൈമറിഞ്ഞെത്തി ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേരളത്തിലാണ് കൂടുതല്‍ നടപടികളുണ്ടായത്.

ഭൂട്ടാനില്‍ നിന്ന് കേരളത്തിലെത്തിയെന്ന് സംശയിക്കുന്ന ഇരുന്നൂറോളം വാഹനങ്ങളില്‍ 39 എണ്ണമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ഭൂട്ടാനില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് വ്യാജ രേഖകള്‍ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്താണ് വാഹനങ്ങള്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമില്ല. അതിനാലാണ് വ്യാജരേഖകള്‍ ഉപയോഗിച്ചുള്ള റജിസ്‌ട്രേഷനുകള്‍. വിദേശത്തു നിന്നുള്ള മോഷണ വണ്ടികള്‍ ഭൂട്ടാന്‍ വഴിയും കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്.