കൊച്ചി: മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനു നേരെ ആക്രമണം നടത്തിയ രണ്ടു പേര്‍ പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയില്‍ വീട്ടില്‍ അന്‍വര്‍ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പില്‍ വീട്ടില്‍ ബാസിം നിസാര്‍ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ പ്രതികള്‍ ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തിരുന്നു. വെളളൂര്‍കുന്നം സിഗ്‌നല്‍ ജംഗ്ഷനില്‍വെച്ചായിരുന്നു ബിഷപ്പിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. പാലായിലേക്കുളള യാത്രാമധ്യേയായിരുന്നു സംഭവം.

ഇന്നലെ രാത്രി ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറും പ്രതികള്‍ സഞ്ചരിച്ചിരുന്ന ലോറിയും തമ്മില്‍ പെരുമ്പാവൂരില്‍ വച്ച് തട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് മൂവാറ്റുപുഴയില്‍ വെള്ളൂര്‍ക്കുന്നം ഭാഗത്ത് വെച്ച് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

പെരുമ്പാവൂരില്‍ വച്ചുണ്ടായത് ചെറിയ അപകടമായതുകൊണ്ടു തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടര്‍ന്നു. എന്നാല്‍ ബിഷപിന്റെ കാറിനെ ലോറി പിന്തുടര്‍ന്നു. മൂവാറ്റുപുഴ സിഗ്‌നലില്‍ ബിഷപിന്റെ കാറിനു കുറുകെ ലോറിയിട്ട ശേഷം ഡ്രൈവര്‍ ആക്രമിക്കുകയായിരുന്നു. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു. പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു.

കാര്‍ ആക്രമിച്ച ഡ്രൈവറെ പൊലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ എസ് ഐ മാരായ ബിനു വര്‍ഗീസ് എല്‍ദോസ് പി വി ,എ എസ് ഐ പോള്‍ വര്‍ഗീസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബോസ് ബേബി, ഹാരിസ് എച്ച്, നിസാര്‍ കെ പി എന്നിവരും ഉണ്ടായിരുന്നു.