- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒരു വര്‍ഷം മുമ്പ് കാണാതായ യുവാവിനെക്കുറിച്ച് രഹസ്യവിവരം; അടുക്കളയിലെ ടൈലുകള്‍ നീക്കിയപ്പോള്‍ നിര്‍ണായക തെളിവുകള്‍; ഭര്‍ത്താവിന്റെ കഴുത്തറുത്തു കഷണങ്ങളാക്കി കുഴിച്ചിട്ടത് അവിഹിത ബന്ധം എതിര്‍ത്തതിന്; പിന്നില്‍ ഭാര്യയും കാമുകനും; ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍
ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഒരു വര്‍ഷത്തോളമായി കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ വീടിന്റെ അടുക്കളയുടെ തറയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ സമീര്‍ അന്‍സാരി(35)യാണ് കൊല്ലപ്പെട്ടത്. ഭാര്യയും കാമുകനും കാമുകന്റെ ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അഹമ്മദബാദ് പോലീസിന്റെ കണ്ടെത്തല്‍. ചൊവ്വാഴ്ച രാത്രിയോടെ പോലീസ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ഖേജിലെ പൂട്ടിക്കിടന്ന വീട്ടില്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. വീടിന്റെ അടുക്കളയുടെ തറയില്‍ കുഴിച്ചിട്ട നിലയില്‍ അസ്ഥികളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു.
ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ബിഹാര്‍ സ്വദേശിയായ സമീര്‍ അന്‍സാരിയുടെ തിരോധാനത്തെക്കുറിച്ച് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ചൊവ്വാഴ്ച രാത്രി സിറ്റി ക്രൈംബ്രാഞ്ച് അന്‍സാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വീടിന്റെ അടുക്കളയുടെ തറയില്‍ കുഴിച്ചിട്ട നിലയില്‍ അസ്ഥികളും മറ്റ് അവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തത്. അന്‍സാരിയെ കാണാതായിട്ട് ഏകദേശം ഒരു വര്‍ഷം ആയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സമീര്‍ അന്‍സാരിയെ ഭാര്യ റൂബിയും കാമുകന്‍ ഇംറാന്‍ വഗേലയും ബന്ധുക്കള്‍ റഹീം, മൊഹ്സിന്‍ എന്നിവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇംറാന്‍ വഗേലയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ റൂബി ഒളിവിലാണെന്നും പൊലീസ് പറയുന്നു.
റൂബിയും ഇമ്രാനും ഇയാളുടെ ബന്ധുക്കളായ റഹീം, മുഹ്‌സിന്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ചെയ്തതെന്ന് അഹമ്മദാബാദ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ക്രൈം) അജിത് രാജിയാന്‍ പറഞ്ഞു. ഇമ്രാന്‍ അറസ്റ്റിലായെങ്കിലും റൂബി ഒളിവിലാണ്. 'ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ റൂബിയും ഇമ്രാന്റെ ബന്ധുക്കളായ റഹീം, മുഹ്‌സിന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.' രാജിയാന്‍ സ്ഥിരീകരിച്ചു. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ഫോറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹേതര ബന്ധത്തെക്കുറിച്ച് അന്‍സാരി ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് റൂബിയും ഇമ്രാനും കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. 'വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം റൂബിയെ അന്‍സാരി മര്‍ദ്ദിക്കാറുണ്ടായിരുന്നു. തങ്ങളുടെ ബന്ധത്തിന് അന്‍സാരിതടസ്സമാണെന്ന് കണ്ടതിനാലാണ് റൂബി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇമ്രാന്‍ മൊഴി നല്‍കിയിട്ടുണ്ട്.' ഡിസിപി രാജിയാന്‍ പറഞ്ഞു.
കൊലപാതകം നടന്ന രാത്രി, റൂബിയുടെ സഹായത്തോടെ ഇമ്രാന്‍, അന്‍സാരിയുടെ കഴുത്തറുക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ മൃതദേഹം കഷണങ്ങളാക്കി, അടുക്കളയില്‍ കുഴിച്ച കുഴിയില്‍ ഇട്ടുമൂടി. തെളിവുകള്‍ നശിപ്പിക്കുന്നതിനായി സിമന്റും ടൈലും ഉപയോഗിച്ച് കുഴിയടച്ചു. ശേഷം, മാസങ്ങളോളം റൂബി തന്റെ രണ്ട് മക്കളോടൊപ്പം ഇതേ വീട്ടില്‍ തന്നെ താമസിച്ചു. ഭര്‍ത്താവ് ജോലിക്ക് മറ്റൊരു നഗരത്തിലേക്ക് പോയി എന്നാണ് അയല്‍ക്കാരോട് പറഞ്ഞിരുന്നത്.
ഭര്‍ത്താവ് കൊല്ലപ്പെട്ട വീട്ടില്‍ മാസങ്ങളോളം റൂബി താമസിച്ചിരുന്നു. പിന്നീട് താമസം മാറിയതായും അന്വേഷണത്തില്‍ വ്യക്തമായി. റൂബിയുമായുള്ള പ്രണയ വിവാഹത്തിന് ശേഷം 2016-ലാണ് ബിഹാര്‍ സ്വദേശിയായ അന്‍സാരി അഹമ്മദാബാദിലേക്ക് താമസം മാറിയത്. അവിടെ മേസ്തിരിപ്പണി ചെയ്തുവരികയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇമ്രാന്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് കണ്ടെത്തിയ അസ്ഥികളും മറ്റ് അവശിഷ്ടങ്ങളും ഫോറന്‍സിക് വിശകലനത്തിനും ഡി.എന്‍.എ പരിശോധനക്കും അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.




