ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ ഒളിച്ചുതാമസിച്ച് ഇന്ത്യയിലെ ഇരുപതിലധികം ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിച്ചിരുന്ന, പിടികിട്ടാപ്പുള്ളിയായി രാജ്യം പ്രഖ്യാപിച്ച രണ്ട് അധോലോക നായകന്‍മാര്‍ വിദേശത്ത് അറസ്റ്റില്‍. വെങ്കിടേഷ് ഗാര്‍ഗ്, ഭാനു റാണ എന്നിവരാണ് അറസ്റ്റിലായത്. ഹരിയാന പൊലീസിന് ഒപ്പം വിവിധ സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ജോര്‍ജിയയില്‍ നിന്ന് വെങ്കിടേഷ് ഗാര്‍ഗിനെയും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് ഭാനു റാണയെയും പിടികൂടിയത്. ഭാനു റാണയ്ക്ക് കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ട്. അറസ്റ്റിലായ ഗാര്‍ഗിനെയും റാണയെയും ഉടന്‍ ഇന്ത്യയിലേക്ക് കൈമാറും. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇരുപതിലധികം പ്രധാന ഗുണ്ടാത്തലവന്മാര്‍ വിദേശത്തുനിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുകയും നിരവധി കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

ഹരിയാനയിലെ നാരായണ്‍ഗഢ് സ്വദേശിയാണ് വെങ്കിടേഷ് ഗാര്‍ഗ്. നിലവില്‍ ജോര്‍ജിയയില്‍ താമസിക്കുന്ന ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ പത്തിലധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കളെ ഇയാള്‍ റിക്രൂട്ട് ചെയ്തിരുന്നു. ഗുരുഗ്രാമില്‍ ഒരു ബിഎസ്പി നേതാവിന്റെ കൊലപാതകത്തിന് ശേഷം ഇയാള്‍ ജോര്‍ജിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു. നിലവില്‍ വിദേശത്ത് താമസിക്കുന്ന ഗുണ്ടയായ കപില്‍ സാങ്വാനുമായി ചേര്‍ന്ന്, ഭീഷണിപ്പെടുത്തി പണം തട്ടുന്ന സിന്‍ഡിക്കേറ്റ് ഗാര്‍ഗ് നടത്തിയിരുന്നു. ഒക്ടോബറില്‍ ഒരു നിര്‍മ്മാതാവിന്റെ വീടിനും ഫാം ഹൗസിനും നേരെ നടന്ന വെടിവെപ്പുമായി ബന്ധമുള്ള സാങ്വാന്റെ നാല് ഷൂട്ടര്‍മാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള ഭാനു റാണ കുറച്ചുകാലമായി യു എസില്‍ താമസിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് റാണയുടെ ക്രിമിനല്‍ ശൃംഖല വ്യാപിച്ചുകിടക്കുന്നു. കര്‍ണാല്‍ സ്വദേശിയായ റാണ കുറ്റകൃത്യങ്ങളുടെ ലോകത്ത് ഏറെക്കാലമായി സജീവമാണ്. പഞ്ചാബിലെ ഒരു ഗ്രനേഡ് ആക്രമണത്തിന്റെ അന്വേഷണത്തിനിടെയാണ് റാണയുടെ പേര് ഉയര്‍ന്നുവന്നത്. ജൂണില്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, വെടിക്കോപ്പുകള്‍ എന്നിവ കൈവശം വെച്ചതിന് രണ്ട് പേരെ കര്‍ണാല്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തിരുന്നു. റാണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഇവര്‍ പിടിയിലായത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. അന്വേഷണത്തിലുള്ള പല തെളിയാത്ത കേസുകളിലേക്കും ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചേക്കും. ഗാര്‍ഗിനെയും റാണയെയും ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. നിലവില്‍, ഇന്ത്യയില്‍ നിന്നുള്ള ഇരുപതിലധികം കുറ്റവാളിസംഘാംഗങ്ങള്‍ വിദേശരാജ്യങ്ങളിലിരുന്ന് ഇന്ത്യയിലെ ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.