ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന് പിന്നില്‍ തുര്‍ക്കിയും പാക്കിസ്ഥാനും. രാജ്യതലസ്ഥാനത്തെ നടുക്കിയ സ്‌ഫോടനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതിനു പുറമെ ഭീകരരുടെ വിദേശബന്ധങ്ങളും സംശയത്തിന്റെ നിഴലിലാണ്. പാക്കിസ്ഥാനില്‍ ഇന്ത്യയുടെ നിരീക്ഷണം ശക്തമാണ്. ഇതോടെ തുര്‍ക്കിയില്‍ ഭീകരരുടെ ഇടനില ചര്‍ച്ചകള്‍ക്ക് വേദിയൊരുങ്ങുന്നുവെന്നാണ് സൂചന. ചെങ്കോട്ടാ സ്‌ഫോടനം ഭീകരവാദപ്രവര്‍ത്തനത്തിന്റെ ഫലമാണോയെന്നതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും അതിര്‍ത്തി കടന്നുള്ള തീവ്രവാദവും വിദേശ തീവ്രവാദസംഘങ്ങളുടെ പങ്കും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

ഡോ. ഉമര്‍ മുഹമ്മദും ഫരീദാബാദിലെ റെയ്ഡില്‍ പിടിയിലായ ഡോ. മുസമ്മില്‍ ഷക്കീലും തുര്‍ക്കി സന്ദര്‍ശിച്ചെന്നും അവിടെ അവര്‍ ജെയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുടെ പാസ്‌പോര്‍ട്ടുകളില്‍ കണ്ടെത്തിയിട്ടുള്ള തുര്‍ക്കിഷ് ഇമിഗ്രേഷന്‍ സ്റ്റാന്പുകള്‍ അന്താരാഷ്ട്ര ഭീകര ശൃംഖലയുമായുള്ള ബന്ധം വ്യക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ താളം തെറ്റിയ ഭീകര സംഘടന തുര്‍ക്കി വഴി ഇന്ത്യയിലേക്ക് തീവ്രവാദം പടര്‍ത്തുന്നുവെന്ന് സാരം. ഓ്പ്പറേഷന്‍ സിന്ദൂറില്‍ ഭയന്ന പാക്കിസ്ഥാന്‍ ബുദ്ധിയാണ് ഇതിന് പിന്നിലും.

ജെയ്ഷ് ഇ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിംഗ് കൈകാര്യം ചെയ്തിരുന്ന ഡോ. ഷഹീന്‍ അതിര്‍ത്തിക്കപ്പുറമുള്ള ഭീകര പ്രതിനിധിയുമായി സ്ഥിരമായ ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു. ഇപ്പോള്‍ ഉമറും മുസമ്മിലും തുര്‍ക്കിയില്‍ മറ്റൊരു പ്രതിനിധിയെ കണ്ടെന്ന സംശയം സജീവമാണ്. അതുകൊണ്ട് തന്നെ ഡല്‍ഹിയിലെ സ്‌ഫോടനത്തിന്റെ മുഴുവന്‍ ഗൂഢാലോചനയും വിദേശത്ത് ഉദ്ഭവിച്ചതാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. തുര്‍ക്കിയില്‍ ജെയ്ഷ് പുതിയ താളവം കണ്ടെത്തുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ ആയുധം നല്‍കി സഹായിക്കാന്‍ തുര്‍ക്കി മുന്നിലുണ്ടായിരുന്നു. ആയുധ കച്ചവടം പ്രോത്സാഹിപ്പിക്കാന്‍ ജെയ്ഷ് പോലുള്ള സംഘടനകളെ തുര്‍ക്കി പ്രോത്സാഹിപ്പിക്കുകയാണോ എന്നും സംശയമുണ്ട്.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഡല്‍ഹിയില്‍ ആക്രമണപരന്പര തന്നെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്. രാജ്യതലസ്ഥാനത്തെയും ഗുരുഗ്രാമിലെയും ഫരീദാബാദിലെയും ഹൈ പ്രൊഫൈല്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് ആക്രമണം നടത്തുന്നതിനായി അറസ്റ്റിലായ ഡോക്ടര്‍മാര്‍ 200 ഐഇഡി ബോംബുകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് സൂചന. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഫോറന്‍സിക് സംഘം കണ്ടെത്തിയ 40ലധികം വസ്തുക്കളില്‍ രണ്ട് വെടിയുണ്ടകളും (കാട്രിഡ്ജും) രണ്ടു വ്യത്യസ്ത തരം സ്‌ഫോടകവസ്തുക്കളുടെ സാന്പിളുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സ്‌ഫോടകവസ്തു സാന്പിള്‍ അമോണിയം നൈട്രേറ്റാണെന്നാണു പ്രാഥമിക നിഗമനം.

രണ്ടാമത്തെ സ്‌ഫോടകവസ്തുവിന്റെ സാന്പിള്‍ അമോണിയം നൈട്രേറ്റിനേക്കാള്‍ ശക്തമാണെന്ന് വിശ്വസിക്കുന്നതായും വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ ഇതില്‍ വ്യക്തത കൈവരികയുള്ളൂവെന്നും അധികൃതര്‍ സൂചിപ്പിച്ചു. ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം നടത്തുന്നത് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പത്തംഗസംഘമാണ്. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ (ഡിജി) വിജയ് സാഖറെയാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. ഐജി, രണ്ട് ഡിഐജിമാര്‍, മൂന്ന് എസ്പിമാര്‍ എന്നിവരും ഡിഎസ്പി തലത്തിലുള്ള ഓഫീസര്‍മാരുമാണ് സംഘത്തിലുള്ളത്. വിജയ് സാഖറെ 1996 ബാച്ച് കേരള കേഡര്‍ ഓഫീസറായിരുന്നു. എന്‍ഐഎയില്‍ മുന്പ് ഐജിയായിരുന്ന വിജയിയെ ഈ വര്‍ഷം സെപ്റ്റംബറിലാണ് എന്‍ഐഎ ഡിജിയായി നിയമിച്ചത്. വിജയ് ഇന്നലെ ഇന്റലിജന്‍സ് ബ്യൂറോ തലവനുമായി കൂടിക്കാഴ്ച നടത്തി.

ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദ മോഡ്യൂളിനെപ്പറ്റിയുള്ള എല്ലാ കേസ് ഡയറികളും വിഷയത്തില്‍ ഇതുവരെ അന്വേഷണം നടത്തിയിരുന്ന ജമ്മു കാഷ്മീര്‍ പോലീസില്‍നിന്നും ഡല്‍ഹി പോലീസില്‍നിന്നും ഹരിയാന പോലീസില്‍നിന്നും എന്‍ഐഎ ഏറ്റെടുക്കും. അമോണിയം നൈട്രേറ്റടക്കമുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ ഫരീദാബാദിലെ തീവ്രവാദകേന്ദ്രത്തില്‍ എന്‍ഐഎ അധികം വൈകാതെ അന്വേഷണം ആരംഭിക്കും. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ ഫരീദാബാദിലെ അപാര്‍ട്ട്‌മെന്റ് അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരായ മുസമ്മില്‍ അഹമ്മദുമായും ഉമര്‍ ഉന്‍ നബിയുമായി ബന്ധപ്പെട്ടതാണ്. അമോണിയം നൈട്രേറ്റെന്നു സംശയിക്കുന്ന വസ്തുക്കളുടെ അംശം പരിസരപ്രദേശങ്ങളില്‍നിന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ബയോകെമിസ്ട്രി ലബോറട്ടറിയും ടോയ്ലറ്റ് ബ്ലോക്കും ഫരീദാബാദ് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

കോളജിന്റെ ലാബില്‍നിന്നു പിടിയിലായ പ്രതികള്‍ അമോണിയം കോംപൗണ്ടുകളും ഓക്‌സിഡൈസറുകളും ആഴ്ചകളെടുത്ത് ചെറിയ അളവില്‍ കടത്തിക്കൊണ്ടുപോയി ഫരീദാബാദിലും ഫത്തേപുരിലും സംഭരിച്ചതായാണു സംശയിക്കുന്നത്. ലാബില്‍നിന്നു അമോണിയം നൈട്രേറ്റെന്ന് സംശയിക്കപ്പെടുന്ന വസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ കോളജ് കാന്പസിനുള്ളില്‍ ഭീകരര്‍ നിയന്ത്രിത അളവില്‍ രാസപ്രവര്‍ത്തനങ്ങള്‍ പരീക്ഷിച്ചതായി സംശയിക്കുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മെഡിക്കല്‍ കോളജില്‍നിന്നു കണ്ടെത്തിയ സാന്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയുടെ ഫലം വന്നാല്‍ മാത്രമേ കോളജ് ലാബില്‍നിന്നു ഭീകരര്‍ എന്തെങ്കിലും വസ്തുക്കള്‍ കടത്തിക്കൊണ്ടു പോയിട്ടുണ്ടോയെന്നതില്‍ വ്യക്തത വരൂ. കോളജ് ലാബില്‍നിന്ന് ഒരു ഡസനിലധികം കുപ്പികള്‍, ഗ്ലാസ് ഫ്‌ലാസ്‌കുകള്‍, സീല്‍ ചെയ്ത പാത്രങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.