- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? ശബ്ദം കേട്ടത് മഹിപാല്‍പൂരിലെ റാഡിസണ്‍ ഹോട്ടലിന് സമീപം; പൊലീസും ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി; ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച ശബ്ദമെന്ന് അനുമാനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. മഹിപാല്‍പൂരിലെ റാഡിസണ്‍ ഹോട്ടലിന് സമീപം ശബ്ദം കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. പൊലീസ് പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച ശബ്ദമാണ് കേട്ടതെന്നാണ് പൊലീസിന്റെ അനുമാനം. രാവിലെ 9.18നാണ് ഫയര്‍ഫോഴ്‌സിനു വിവരം ലഭിച്ചത്. ഡല്‍ഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
അതിനിടെ, ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരു ഡോക്ടറെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അനന്ത്‌നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെ കാണ്‍പൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അതിനിടെ, ചെങ്കോട്ടയ്ക്കടുത്തെ മാര്‍ക്കറ്റില്‍ ഒരു കൈപ്പത്തി കണ്ടെത്തി. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലാണ് കൈപ്പത്തി കണ്ടെത്തിയത്.
ചെങ്കോട്ട സ്‌ഫോടനം നടത്തിയവര്‍ പദ്ധതിയിട്ടത് സ്‌ഫോടന പരമ്പരയ്‌ക്കെന്ന് അന്വേഷണ സംഘം പറയുന്നു. ഒരേ സമയം നാല് നഗരങ്ങളില്‍ സ്‌ഫോടനത്തിനായിരുന്നു നീക്കം. സിഗ്‌നല്‍ ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി ആയിരുന്നു ആശയ വിനിമയം. അതിനിടെ സ്‌ഫോടനത്തിന് മുന്പ് രാം ലീല മൈതാനിക്ക് സമീപമുള്ള പള്ളിയില്‍ ഉമര്‍ എത്തിയതിന്റെ സിസിടിവി ചിത്രം പുറത്ത് വന്നു.
എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാല് നഗരങ്ങളിലേക്ക് പോയി സ്‌ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലും സ്‌ഫോടനത്തിനു പദ്ധതിയിട്ടു. സംഘത്തിലെ ചിലരെ പിടികൂടി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുന്നു.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ 6ന് ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരം. ചെങ്കോട്ടയ്ക്കു മുന്നില്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയാണ് സംഘത്തിലെ പ്രധാനിയെന്നാണ് നിലവിലെ വിലയിരുത്തല്‍. പുല്‍വാമ സ്വദേശി ഡോ. മുസമില്‍ അഹമ്മദ് ഗനായി, കുല്‍ഗാം സ്വദേശി ഡോ. അദീല്‍, ലക്‌നൗ സ്വദേശിനി ഡോ. ഷഹീന്‍ എന്നിവരെ സ്‌ഫോടനത്തിനു മുന്‍പ് ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ 20 ലക്ഷംരൂപ പിരിച്ചെടുത്ത് ഡോ.ഉമറിനു കൈമാറിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഡോ. മുസമിലും ഉമറുമായി സാമ്പത്തിക കാര്യങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നതായും കണ്ടെത്തി. കൂടുതല്‍ വാഹനങ്ങള്‍ ഭീകരവാദികള്‍ വാങ്ങിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്‌ഫോടനം നടന്നത്. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനം. സമീപത്തുണ്ടായിരുന്ന കാറുകളും കത്തിച്ചാമ്പലായി. ദൂരെ മാറിക്കിടന്ന വാഹനങ്ങളുടെ ജനല്‍ച്ചില്ലുകള്‍ വരെ സ്‌ഫോടനത്തിന്റെ ശക്തിയില്‍ പൊട്ടിച്ചിതറി. 12പേര്‍ മരിച്ചു.
സ്‌ഫോടനത്തിന് ഇടയാക്കിയ കാര്‍ ഓടിച്ചത് ഡോ.ഉമര്‍ നബിയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അമ്മയുടെ ഡിഎന്‍എ സാംപിളുമായി ഉമറിന്റെ സാംപിളുകള്‍ യോജിച്ചതായി അധികൃതര്‍ പറഞ്ഞു. ഡോ.ഉമര്‍ നബിയുടെ പേരിലുള്ള മറ്റൊരു കാര്‍ കൂടി ഹരിയാനയിലെ ഫരീദാബാദില്‍ ഇന്നലെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.




