ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയില്‍ സ്‌കൂളിന് സമീപത്ത് നിന്ന് അതിതീവ്ര സ്‌ഫോടന ശേഷിയുള്ള ജെലാറ്റിന്‍ സ്റ്റിക്കുകളുടെ വന്‍ ശേഖരം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. 161 ജലാറ്റിന്‍ സ്റ്റിക്കടക്കം 20 കിലോ സ്‌ഫോടക വസ്തുക്കളാണ് ആണ് കണ്ടെത്തിയത്. അല്‍മോറയിലെ ദാബര ഗ്രാമത്തിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് ഉഗ്രസ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് ജാഗ്രത ശക്തമാക്കി. സമീപ പ്രദേശങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ നിന്ന് ഏകദേശം 3,000 കിലോ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദബാര ഗ്രാമത്തിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുനിന്നും ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.

പ്രിന്‍സിപ്പല്‍ സുഭാഷ് സിങ്ങാണ് കുറ്റിക്കാട്ടില്‍ സംശയാസ്പദമായ പാക്കറ്റുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് പോലീസ് സംഘങ്ങള്‍ ഉടന്‍തന്നെ സ്‌കൂളിലെത്തി പ്രദേശം വളഞ്ഞു. ഉദംസിങ് നഗര്‍, നൈനിറ്റാള്‍ ജില്ലകളില്‍ നിന്ന് ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ചു. ഡോഗ് സ്‌ക്വാഡ് നടത്തിയ വിശദമായ പരിശോധനയില്‍ കുറ്റിക്കാട്ടില്‍ നിന്ന് ജെലാറ്റിന്‍ സ്റ്റിക്കുകളുടെ ഏതാനും പാക്കറ്റുകള്‍ കണ്ടെത്തി. ഏകദേശം 20 അടി അകലെ നിന്ന് കൂടുതല്‍ പാക്കറ്റുകളും കണ്ടെത്തി. ബോംബ് സ്‌ക്വാഡ് പാക്കറ്റുകള്‍ ശേഖരിച്ച് സീല്‍ ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

നിര്‍മ്മാണ, ഖനന ആവശ്യങ്ങള്‍ക്കായി പാറകള്‍ പൊട്ടിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. എന്ത് കാരണത്താലാണ് സ്‌ഫോടകവസ്തുക്കള്‍ ഗ്രാമത്തില്‍ എത്തിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1908-ലെ സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 4(എ), ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) സെക്ഷന്‍ 288 എന്നിവ പ്രകാരം പോലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി നാല് ടീമുകള്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ സമീപകാല സ്‌ഫോടനത്തെയും വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിനെയും തുടര്‍ന്ന് രാജ്യത്തുടനീളമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ജാഗ്രതയിലായിരുന്നു. ചില ഭീകരവാദ സംഘടനകള്‍ പ്രധാന നഗരങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിട്ടിരുന്നതായി സൂചനകളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്.