- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ക്ലാസ് കഴിഞ്ഞിറങ്ങുന്ന പെൺകുട്ടികൾ കാണുന്നത് ഒരു വൃത്തികെട്ട തുറിച്ചുനോട്ടം; അവരോടൊപ്പം നടന്നെത്തി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നത് പതിവ്; പുകവലിച്ചുകൊണ്ട് മോശമായി സംസാരിച്ചും ഭയങ്കര ശല്യം; കാനഡയിൽ സന്ദർശക വിസയിലെത്തിയ ഇന്ത്യക്കാരന് എട്ടിന്റെ പണി; ആശ്വാസമായെന്ന് സ്കൂൾ അധികൃതർ
ഒട്ടാവ: കാനഡയിൽ ജനിച്ച പേരക്കുട്ടിയെ കാണാനായി ആറുമാസത്തെ സന്ദർശക വിസയിൽ രാജ്യത്തെത്തിയ 51 വയസ്സുകാരനായ ഇന്ത്യൻ പൗരനെ, പ്രാദേശിക സ്കൂളിലെ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് കോടതി നാടുകടത്താൻ ഉത്തരവിട്ടു. ജഗ്ജിത് സിംഗ് എന്ന ഇയാളെ ഉടൻ ഇന്ത്യയിലേക്ക് തിരിച്ചയക്കാനാണ് കനേഡിയൻ കോടതി ഉത്തരവിട്ടത്. മാത്രമല്ല, ഭാവിയിൽ കാനഡയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും ഇദ്ദേഹത്തിന് സ്ഥിര വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ജഗ്ജിത് സിംഗ് ഒന്റാരിയോയിൽ എത്തിയത്. പേരക്കുട്ടിയുടെ ജനനത്തോടനുബന്ധിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാനഡ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, സിംഗിന്റെ താമസത്തിനിടെയുണ്ടായ ചില അസ്വസ്ഥജനകമായ സംഭവങ്ങളാണ് അദ്ദേഹത്തെ നിയമനടപടികളിലേക്കും നാടുകടത്തൽ ഭീഷണയിലേക്കും എത്തിച്ചത്.
പ്രാദേശിക ഹൈസ്കൂളിന് പുറത്തുള്ള പൊതുസ്ഥലമായ പുകവലി കേന്ദ്രത്തിനടുത്ത് ജഗ്ജിത് സിംഗ് പതിവായി എത്തുകയും അവിടെ വെച്ച് വിദ്യാർത്ഥിനികളുമായി സമ്പർക്കം സ്ഥാപിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായാണ് ആരോപണമുയർന്നത്. 2025 സെപ്റ്റംബർ 8 മുതൽ 11 വരെയുള്ള ദിവസങ്ങളിലായി നിരവധി തവണയാണ് ഇയാൾ യുവതികളെ സമീപിച്ചത്. ഈ സമയങ്ങളിൽ, പെൺകുട്ടികളോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും, ലഹരിമരുന്നുകളെക്കുറിച്ചും മദ്യത്തെക്കുറിച്ചും സംസാരിച്ച് അവരെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ഇംഗ്ലീഷ് ഭാഷ അധികം വശമില്ലാത്ത സിംഗ്, സ്കൂളിൽ നിന്നും പുറത്തുവരുന്ന വിദ്യാർത്ഥിനികളെ പിൻതുടരുന്നത് പതിവാക്കിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. നിരന്തരമായ ശല്യം സഹിക്കവയ്യാതെ വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും, തുടർന്ന് സെപ്റ്റംബർ 16-ന് ജഗ്ജിത് സിംഗ് അറസ്റ്റിലാവുകയും ചെയ്തു.
ലൈംഗിക അതിക്രമം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. അറസ്റ്റിന് പിന്നാലെ ദിവസങ്ങൾക്കകം ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും, അതേ ദിവസം തന്നെ ലഭിച്ച മറ്റൊരു പുതിയ പരാതിയെ തുടർന്ന് പോലീസ് സിംഗിനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചു.
കേസിന്റെ വിചാരണ പൂർത്തിയായപ്പോൾ, ജഗ്ജിത് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ ശിക്ഷിക്കാൻ കോടതി തീരുമാനിച്ചു. ശിക്ഷാ നടപടികളുടെ ഭാഗമായാണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഇദ്ദേഹത്തിന്റെ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കും.
കൂടാതെ, കോടതി കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വന്തം പേരക്കുട്ടിയൊഴികെ 16 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയുമായും ഇടപഴകുന്നതിൽ നിന്നും ജഗ്ജിത് സിംഗിന് വിലക്കുണ്ട്. കൂടാതെ, സ്വിമ്മിംഗ് പൂളുകൾ, സ്കൂളുകൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ പ്രവേശിക്കുന്നതിനും ഇദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാനഡയിൽ താൽക്കാലിക വിസയിലെത്തുന്നവർ രാജ്യത്തെ നിയമങ്ങളും സാമൂഹിക മര്യാദകളും കർശനമായി പാലിക്കണമെന്ന ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നത്.




