മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വളാഞ്ചേരിയില്‍ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ് ശിഹാബുദ്ദീന്‍. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യോങ്ങിയാല്‍ ആ കൈകള്‍ വെട്ടി മാറ്റുമെന്നാണ് ശിഹാബുദ്ദീന്‍ എന്ന ബാവ വെല്ലുവിളിച്ചത്. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും വീട്ടില്‍ കയറി കാല്‍ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീന്‍ പറയുന്നു.

എതിര്‍ക്കാന്‍ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കില്‍ മുന്നോട്ട് വരണം. മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീന്‍ പറഞ്ഞു. വളാഞ്ചേരി നഗരസഭ മുന്‍ കൗണ്‍സിലറാണ് ശിഹാബുദ്ദീന്‍. ശിഹാബുദ്ദീന്റെ കൊലവിളി പ്രസംഗം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നിരവധിയിടങ്ങളിലാണ് കൊലവിളി പ്രസംഗവും ആക്രമണവും നടക്കുന്നത്.

അതേ സമയം മലപ്പുറം തെന്നലയില്‍ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ് രംഗത്തെത്തി തെരെഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തു കൊണ്ടുവന്ന പെണ്‍കുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്ന് സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി സൈയ്തലവി മജീദ് ആരോപിച്ചു. അന്യ ആണുങ്ങളുടെ മുന്നില്‍ ഒരു വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ കൊണ്ടുവന്ന് മുന്നില്‍ കാഴ്ച്ചവെക്കുകയല്ല ചെയ്യേണ്ടതെന്നും സൈയ്തലവി മജീദ് അധിക്ഷേപിച്ചു.

തന്റെ വീട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളുണ്ടെന്നും അവരെയൊക്കെ കെട്ടി കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്. കല്യാണം കഴിക്കുമ്പോള്‍ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ ഇതല്ല ഇതിലും വലുത് കേള്‍ക്കേണ്ടി വരും. അതിനൊക്കെയുള്ള ഉളുപ്പ് ഉണ്ടെങ്കില്‍ ഇറങ്ങിയാല്‍ മതി.

താന്‍ ഈ പറഞ്ഞതിനെതിരെ കേസ് വേണമെങ്കില്‍ കൊടുത്തോളുവെന്നും നേരിടാന്‍ അറിയാമെന്നും സൈയ്തലവി മജീദ് പറയുന്നുണ്ട്. പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുത്തതിന്റെ സ്വീകരണത്തിലാണ് വിവാദ പ്രസംഗം. സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന സൈയ്തലവി മജീദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പാര്‍ട്ടി ചുമതല മറ്റൊരാള്‍ക്ക് താല്‍ക്കാലികമായി കൈമാറിയിരുന്നു.