- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബന്ധുവിന്റെ കാറില്‍ കത്തിക്കരിഞ്ഞ ഒരു മൃതദേഹം; ഫോണ്‍ സ്വിച്ച് ഓഫ്; അന്വേഷണത്തിനിടെ കാമുകിയുമായുള്ള ചാറ്റിംഗ് കുടുക്കി; ഭവന വായ്പ തിരിച്ചടക്കാന്‍ ലാത്തൂരില്‍ 'സുകുമാര കുറുപ്പ് മോഡല്‍' കൊലപാതകം; ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ കാറിലിട്ട് കത്തിച്ചത് സഞ്ചാരിയെ; ബാങ്ക് ഏജന്റ് പിടിയില്‍
മുംബൈ: ഭവനവായ്പ തിരിച്ചടയ്ക്കാന്‍ ലാത്തൂരില്‍ 'സുകുമാര കുറുപ്പ് മോഡല്‍' കൊലപാതകം. ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഒരു യാത്രക്കാരനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയ ബാങ്ക് ഏജന്റ് പിടിയില്‍. സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചാണ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ചത്. അന്വേഷണം നടക്കുന്നതിനിടെ കാമുകിയുമായി ചാറ്റ് ചെയ്തതാണ് ഇയാളെ കുടുക്കിയത്. കേരളത്തിലെ സുകുമാര കുറുപ്പിനോട് സമാനമായി മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ച പുലര്‍ച്ചെ ലാത്തൂരിലെ ഔസ താലൂക്കില്‍ കത്തിക്കരിഞ്ഞ കാറില്‍ പൂര്‍ണമായും കത്തിപ്പോയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ ഉടമയെ കണ്ടെത്തുകയും ഇയാള്‍ കാര്‍ തന്റെ ബന്ധുവായ ഗണേഷ് ചവാന് നല്‍കിയിരുന്നുവെന്നും വ്യക്തമായി. ബാങ്ക് റിക്കവറി ഏജന്റായ ഗണേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും വീട്ടുകാര്‍ അറിയിച്ചു. ഈ വിവരങ്ങളെല്ലാം വെച്ച്, മരിച്ചത് ഗണേഷ് ആണെന്നായിരുന്നു പ്രാഥമിക നിഗമനമെന്ന് ലാത്തൂര്‍ എസ്പി അമോല്‍ താംബ്‌ളെ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ ലാത്തൂര്‍ സ്വദേശി ഗണേഷ് ചവാനെ പൊലീസ് പിടികൂടുകയായിരുന്നു. താന്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാന്‍ ഗോവിന്ദ് യാദവ് എന്ന ഹിച്ച്‌ഹൈക്കറിനെയാണ് ഗണേഷ് ചവാന്‍ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയത്. വീട് പണിയാന്‍ വേണ്ടി എടുത്ത വായ്പ തിരിച്ചടക്കാന്‍ വേണ്ടിയാണ് ഗണേഷ് ചവാന്‍ ക്രൂരകൃത്യം നടത്തിയത്. ഇതിനായി ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സില്‍ ചേര്‍ന്ന ശേഷം താനാണ് മരിച്ചതെന്ന് ഗണേഷ് ചവാന്‍ വരുത്തി തീര്‍ക്കുകയായിരുന്നു. ഇതിനായി ശനിയാഴ്ച മഹാരാഷ്ട്രയിലെ ഔസയില്‍ വച്ച് ഗോവിന്ദ് യാദവ് എന്ന ഹിച്ച്‌ഹൈക്കര്‍ക്ക് ഗണേഷ് ലിഫ്റ്റ് നല്‍കി. തുടര്‍ന്ന് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഗോവിന്ദിനെ മാറ്റി വാഹനത്തിന് തീകൊളുത്തുകയായിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും താന്‍ മരിച്ചുവെന്ന് കുടുംബത്തെ ബോധ്യപ്പെടുത്താനും വേണ്ടി, ഗണേഷ് തന്റെ ബ്രേസ്ലെറ്റ് ഗോവിന്ദിന്റെ മൃതദേഹത്തിനു സമീപം ഉപേക്ഷിച്ചിരുന്നു.
മരിച്ചത് ഗണേഷ് ചവാനാണെന്ന് തന്നെയാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗണേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്ന് ഭാര്യ വെളിപ്പെടുത്തിയത്. പിന്നാലെ ഈ സ്ത്രീയുമായി ഗണേഷ് മറ്റൊരു നമ്പറില്‍ നിന്ന് ചാറ്റ് ചെയ്യുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ മറ്റൊരാളെ ഗണേഷ് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സിന്ധുദുര്‍ഗില്‍ വച്ച് ഗണേഷിനെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ ഗണേഷിനെതിരെ പൊലീസ് കൊലപാതക കേസ് റജിസ്റ്റര്‍ ചെയ്തു. കൃത്യത്തില്‍ ഗണേഷിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുടുക്കിയത് കാമുകിയുമായുള്ള ചാറ്റിംഗ്
അന്വേഷണം പുരോഗമിക്കവേ, തിങ്കളാഴ്ച ചില കാര്യങ്ങളിലുള്ള പൊരുത്തക്കേടുകള്‍ പൊലീസ് ശ്രദ്ധിച്ചു. ഒരു സ്ത്രീയുമായി രഹസ്യ ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഈ യുവതിയെ ചോദ്യം ചെയ്തപ്പോള്‍, സംഭവത്തിന് ശേഷം ഗണേഷ് ചവാന്‍ മറ്റൊരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അവരുമായി സന്ദേശങ്ങള്‍ അയക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് മനസിലാക്കി. മരിച്ചെന്ന് കരുതിയയാള്‍ക്ക് ജീവനുണ്ടെന്ന് തെളിഞ്ഞതോടെ, കാറിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം ആരുടെയാണെന്ന് അറിയാന്‍ പൊലീസ് ഗണേഷിന്റെ പുതിയ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു. ഇത് പൊലീസിനെ ആദ്യം കോലാപൂരിലേക്കും പിന്നീട് സിന്ധുദുര്‍ഗ് ജില്ലയിലെ വിജയദുര്‍ഗിലേക്കും എത്തിച്ചു. അവിടെ നിന്ന് ഗണേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ലക്ഷ്യമിട്ടത് ഒരു കോടിയുടെ ഇന്‍ഷുറന്‍സ്
ഗണേഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഹോം ലോണ്‍ അടച്ചുതീര്‍ക്കുന്നതിന് വേണ്ടി ഒരു കോടി രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഇയാള്‍ എടുത്തിരുന്നു. ഇത് നേടിയെടുക്കാന്‍ സ്വന്തം മരണം വ്യാജമാക്കാന്‍ ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ശനിയാഴ്ച ഔസയിലെ തുളജാപ്പൂര്‍ ടി-ജംഗ്ഷനില്‍ വെച്ച് ലിഫ്റ്റ് ചോദിച്ച കാല്‍നട യാത്രക്കാരനായ ഗോവിന്ദ് യാദവിനെ ഗണേഷ് കാറില്‍ കയറ്റി.
യാത്രയ്ക്കിടെ അവര്‍ ഒരു ഭക്ഷണശാലയില്‍ നിര്‍ത്തി. ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് വനവാഡ പതി-വനവാഡ റോഡിലേക്ക് പോയി. വാഹനം നിര്‍ത്തി ഗോവിന്ദ് ഭക്ഷണം കഴിച്ചതോടെ കാറിനുള്ളില്‍ തന്നെ ഉറങ്ങിപ്പോയി. ഇതോടെ ഗോവിന്ദിനെ ഡ്രൈവര്‍ സീറ്റിലേക്ക് വലിച്ചിട്ട് ഗണേഷ് സീറ്റ്ബെല്‍റ്റ് ഇട്ടു. ശേഷം തീപ്പെട്ടിക്കോലുകളും പ്ലാസ്റ്റിക് കവറുകളും സീറ്റില്‍ വെച്ച് കാറിന് തീയിട്ടുവെന്നും ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും താന്‍ മരിച്ചുവെന്ന് കുടുംബത്തെ വിശ്വസിപ്പിക്കാനും വേണ്ടി ഗണേഷ് തന്റെ കയ്യില്‍ കിടന്ന ബ്രേസ്‌ലെറ്റ് ഗേവിന്ദിന്റെ അടുത്തു വെച്ച ശേഷമാണ് രക്ഷപ്പെട്ടത്. ഇപ്പോള്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും ഗണേഷിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും എസ്പി താംബ്‌ളെ അറിയിച്ചു.




