ചിറ്റൂര്‍: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനയും തിരച്ചിലും വിഫലമാക്കി സുഹാന്‍ ഈ ലോകത്ത് നിന്നും യാത്രയായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ വീടിനു 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിവരെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ തിരച്ചില്‍ പുനഃരാരംഭിച്ചിരുന്നു. തുടര്‍ന്ന് 8.30 ഓടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഡോഗ് സ്‌ക്വാഡ് സമീപത്തെ കുളവരമ്പു വരെ മണം പിടിച്ചു ചെന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധിക്കാന്‍ തീരുമാനിച്ചത്.

20 മണിക്കൂറോളം പോലീസും നാട്ടുകാരും നട്ത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റൂര്‍ അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനായ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. പ്രദേശത്തെ കുളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പരിശോധന പുരോഗമിച്ചത്.

വീടിനു സമീപത്തായി അഞ്ചോളം ആമ്പല്‍ കുളങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്തിയത് 800 മീറ്ററോളം അകലെയുള്ള മറ്റൊരു കുളത്തിലാണ്. നാട്ടുകാര്‍ കുളിക്കാനും വസ്ത്രം അലക്കാനും ഉപയോഗിക്കുന്ന കുളമാണിത്. ഇവിടേയ്ക്ക് എങ്ങനെ സുഹാന്‍ എത്തി എന്നതും കണ്ടെത്തേണ്ടതുണ്ട്. സഹോദരനൊപ്പം വീട്ടില്‍ സിനിമ കാണുകയായിരുന്ന സുഹാന്‍ ഇന്നലെ ഉച്ചയ്ക്കാണ് വീടിനു പുറത്തേയ്ക്ക് ഇറങ്ങിയത്. സുഹന്റെ പിതാവ് മുഹമ്മദ് അനസ് ഗള്‍ഫിലാണ്. അധ്യാപികയായ അമ്മ തൗഹിത ഈസമയം പാലക്കാട്ട് പോയിരിക്കുകയായിരുന്നു. അമ്മ തൗഹിത സ്‌കൂളിലേക്ക് പോയസമയത്താണ് കുട്ടിയെ കാണാതായത്.

കളിക്കുന്നതിനിടെ സുഹാന്‍ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയതായാണ് വിവരം. വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുകയായിരുന്നു. സുഹാന്റെ അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. ഈ സമയം മുത്തശ്ശി അടുക്കളയില്‍ ജോലിചെയ്യുകയായിരുന്നു. കുട്ടികള്‍ തമ്മില്‍ സാധാരണ വഴക്കിടാറുള്ളത് കൊണ്ട് കാര്യമാക്കിയില്ല. കുറച്ചുകഴിഞ്ഞ് സുഹാനെ കാണാതായപ്പോള്‍ അന്വേഷിക്കുകയായിരുന്നു.

വഴക്കുകൂടിയതിനെത്തുടര്‍ന്ന് പുറത്തിറങ്ങിപ്പോയതായി സഹോദരന്‍ പറഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, നാട്ടുകാരുമായിച്ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ പോലീസില്‍ പരാതിനല്‍കി.

കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് വീടിനടുത്തുള്ള ഇടവഴിയില്‍ വച്ച് ഒരാള്‍ കണ്ടിരുന്നു. പിന്നീട് വിവരം ഇല്ല. സമീപത്തെ രണ്ട് വീടുകള്‍ അല്ലാതെ സുഹാന് മറ്റ് വീടുകള്‍ പരിചയം ഇല്ല. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, നാട്ടുകാരുമായിച്ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ പോലീസില്‍ പരാതിനല്‍കി.

ചിറ്റൂര്‍ പോലീസും ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ സമീപത്തെ കുളങ്ങളിലും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്.