തൃശൂര്‍: മുതുവറ അടാട്ട് ആമ്പലങ്കാവില്‍ അഞ്ചു വയസുകാരനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണവുമായി പൊലീസ്. കാനാട്ട് വീട്ടില്‍ മോഹിത്തിന്റെ ഭാര്യ ശില്‍പ (30), മകന്‍ അക്ഷജ് (അഞ്ചര) എന്നിവരെയാണ് വീടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലും അമ്മയെ കയറില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ജോലി കിട്ടാത്തതിലുള്ള നിരാശയിലാണോ യുവതി ജീവനൊടുക്കിയത് എന്നാണ് സംശയം ഉയരുന്നത്. ജീവിതം മടുത്തു അവസാനിപ്പിക്കുകയാണെന്ന് പറയുന്ന ഓഡിയോ സന്ദേശം വാട്‌സാപ്പില്‍ നിന്ന് കണ്ടെടുത്തു. ഭര്‍ത്താവിന് പനിയായതിനാല്‍ ശില്‍പയും മകനും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പി.എസ്.സി. പരീക്ഷയ്ക്കു കുറേനാളായി പരിശ്രമിച്ചു വരുകയാണ്. പരീക്ഷയ്ക്കു തയാറെടുത്തിരുന്നതിന്റെ കുറിപ്പുകള്‍ ഭിത്തിയില്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്.

കുഞ്ഞിനെ തല്ലിയതിന്റെ പേരില്‍ ശില്‍പയെ ഭര്‍തൃമാതാവ് വഴക്ക് പറഞ്ഞിരുന്നു. ജീവനൊടുക്കാന്‍ തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ശില്‍പ കിടന്നിരുന്ന മുറി അകത്തു നിന്ന് പൂട്ടിയിരുന്നു. നാട്ടുകാരാണ് ജനലും വാതിലും തകര്‍ത്ത് അകത്തു കയറിയത്.

ഭര്‍ത്താവ് മോഹിത്, സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പേരാമംഗലം പൊലീസാണ് അന്വേഷണം നടത്തുന്നത്. ഭര്‍ത്താവ് മോഹിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മോഹിത്തിന്റെ അച്ഛനും അമ്മയും തൊട്ടടുത്ത മുറിയിലാണ് കിടന്നിരുന്നത്. മരിച്ച ശില്‍പ ചോറ്റാനിക്കര സ്വദേശിനിയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ടു വര്‍ഷത്തോളമായി.

നാളുകളേറെയായി പിഎസ്സി പരീക്ഷയ്ക്ക് തയാറെടുത്തിരുന്നയാളാണ് ശില്‍പ. ജോലി കിട്ടാത്തതിലുള്ള നിരാശയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശില്‍പയുടെ ഭര്‍ത്താവ് മോഹിത്ത് ഇസാഫ് ബാങ്കിന്റെ മണ്ണുത്തി ഹെഡ് ഓഫിസിലെ ജീവനക്കാരനാണ്. മരിച്ച അക്ഷജ് അമല മേരി റാണി പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്.