- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാട്ടിലെത്തിയത് മകളുടെ വിവാഹത്തിന്; പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചത് 54 ദിവസം: പ്രവാസിക്ക് സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
ആളുമാറി ജയിലിലടച്ചു; പ്രവാസിക്ക് സർക്കാർ 14 ലക്ഷം രൂപ നൽകണം
കൊച്ചി: മകളുടെ വിവാഹം നടത്തുന്നതിനായി നാട്ടിലെത്തിയ പ്രവാസിയെ പോലിസ് മാലമോഷണക്കേസില്‍ കുടുക്കിയ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. പ്രവാസിയായ കണ്ണൂര്‍ തലശ്ശേരി സ്വദേശി വി.കെ. താജുദ്ദീനെ ആളുമാറി അറസ്റ്റുചെയ്ത് 54 ദിവസം ജയിലിലടച്ച സംഭവത്തിലാണ് നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവിട്ടത്. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പി.എം. മനോജിന്റെ സുപ്രധാന ഉത്തരവ്.
താജുദ്ദീനും കുടുംബത്തിനുമായാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 10 ലക്ഷം രൂപ താജുദ്ദീനും ഒരു ലക്ഷം രൂപ വീതം ഭാര്യക്കും മൂന്നു മക്കള്‍ക്കും നല്‍കാനാണ് ഉത്തരവ്. പോലീസിന്റെ ഭഗത്തുനിന്ന് ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാത്ത നടപടിയുണ്ടാകരുതെന്ന് കോടതി പറഞ്ഞു. ഈ തുക താജുദ്ദീനെ ജയിലിലടച്ച കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷന് എസ്ഐയായിരുന്ന പി. ബിജു, എഎസ്ഐമാര്‍ ആയിരുന്ന യോഗേഷ്, ടി. ഉണ്ണികൃഷ്ണന് തുടങ്ങിയവരില്‍നിന്ന് ഈടാക്കുന്നത് സര്‍ക്കാരിന് തീരുമാനിക്കാം. താജുദ്ദീനും കുടുംബവും അഡ്വ. ടി. ആസഫലി വഴി ഫയല്‍ചെയ്ത ഹര്‍ജിയിലാണ് നടപടി.
മകളുടെ വിവാഹ ആവശ്യത്തിനായി 2018ല്‍ നാട്ടിലെത്തിയപ്പോഴാണ് താജുദ്ദീന്റെ ജീവിതം തകര്‍ത്ത ദുരനുഭവം ഉണ്ടായത്. ഇതോടെ താജുദ്ദീന് ഖത്തറിലെ ജയിലിലും കിടക്കേണ്ടി വരികയും ജോലി നഷ്ടമാവുകയും ചെയ്തു. ഖത്തറില്‍ റെന്റ് എ കാര്‍ കമ്പനി ജീവനക്കാരനായിരുന്നു. 2018 ജൂണ്‍ 25-ന് അവധിക്ക് നാട്ടിലെത്തി. ജൂലായ് 11-ന് രാത്രി സഹോദരിയുടെ വീട്ടില്‍നിന്ന് മടങ്ങുമ്പോള്‍ താജുദ്ദീനെയും കുടുംബത്തെയും പോലീസ് പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയി.
ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യത്തിലുള്ളത് താജുദ്ദീന് ആണെന്ന് പറഞ്ഞായിരുന്നു ഇത്. താജുദ്ദീന് ഇത് നിഷേധിച്ചെങ്കിലും പോലീസ് അംഗീകരിച്ചില്ല. സിസിടിവി ദൃശ്യത്തിലുള്ളത് താജുദ്ദീന് തന്നയാണെന്ന് അഞ്ചരപ്പവന്റെ മാല നഷ്ടപ്പെട്ട സ്ത്രീയടക്കം മൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു പോലീസ് നിലപാട്. തെളിവെടുക്കാനെന്ന പേരില്‍ നൂറുകണക്കിനാളുകളുടെ മുന്നിലൂടെ ബന്ധുവീട്ടിലടക്കം കൊണ്ടുപോയി നാണം കെടുത്തുകയും ചെയ്തു. എന്നാല്‍ തൊണ്ടിമുതലൊന്നും കണ്ടെത്താനായില്ല.
ഇതോടെ താജുദ്ദീന്റെ ഭാര്യ മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ അന്വേഷണം കണ്ണൂര്‍ ഡിവൈഎസ്പിക്കു കൈമാറി. തുടര്‍ന്ന് ശരത് വത്സരാജ് എന്നയാളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. താജുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിനെത്തുടര്‍ന്ന് മടങ്ങാന്‍ വൈകിയതിന് ഖത്തറിലും 23 ദിവസം താജുദ്ദീന് ജയിലിലായി. ജോലിയും നഷ്ടപ്പെട്ടു.




