- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയെ തേടി ഗുജറാത്ത് പോലിസ് കേരളത്തിലെത്തി; പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങി കേസ് ഒത്തു തീര്‍പ്പാക്കി കുറുപ്പംപടി പോലിസ്; നാലു പോലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൈപ്പറ്റിയത് ലക്ഷങ്ങള്‍: സംഭവം പുറത്തായതോടെ നാലു പേര്‍ക്കും സസ്പെന്ഷന്
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി; പോലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസ് ഒതുക്കിത്തീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കുറുപ്പംപടി സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഗുജറാത്ത് പോലിസ് പ്രതികളെ തേടി കൊച്ചിയിലെത്തിയതോടെയാണ് കുറുപ്പംപടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അടക്കം നാലു പോലിസുകാര്‍ ചേര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത.് സംഭവം പുറത്തായതോടെ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണ വിധേയമായി നാലു പേരെയും സസ്പെന്‍ഡ് ചെയ്തത്.
സ്റ്റേഷനിലെ റൈറ്ററും ഗ്രേഡ് എസ് ഐയുമായ അബ്ദുല്‍ റൗഫ്, സിപിഒമാരായ സഞ്ജു ജോസ്, ഷക്കീര്‍, ഷഫീഖ് എന്നിവരെയാണ് റൂറല്‍ എസ്പി എം. ഹേമലത അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കൈക്കൂലി വാങ്ങിയ വിവരം പുറത്തു വന്നതോടെ അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച വിജിലന്‍സ് സംഘം കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി. ഇതിനു പിന്നാലെയാണ് നടപടി.
ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പു കേസിലെ പണം എത്തിയിരിക്കുന്നത് കേരളത്തിലെ ഒരു അക്കൗണ്ടിലാണെന്ന് മനസിലാക്കിയ ഗുജറാത്ത് പൊലീസില്‍ നിന്നുള്ള രണ്ട് പേര് ഈ മാസം നാലിന് പെരുമ്പാവൂരിലെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ താമസിക്കുന്നത് കുറുപ്പംപടി പൊലീസ് സ്റ്റേഷന് പരിധിയിലാണെന്ന് വ്യക്തമായതോടെ കണ്ടെത്താന്‍ സ്ഥലത്തെ പൊലീസിന്റെ സഹായം തേടി. പ്രതിയെന്നു സംശയിക്കുന്ന പുല്ലുവഴി സ്വദേശിക്ക് നോട്ടീസ് നല്‍കാനാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് കുറുപ്പംപടി പോലീസിന്റെ സഹായത്തോടെ ആളെ കണ്ടെത്തി നോട്ടീസ് നല്കി.
എന്നാല്‍ അക്കൗണ്ട് തന്റേതാണെങ്കിലും പണം എത്തിയത് തനിക്കല്ലെന്ന നിലപാടിലാണ് അക്കൗണ്ട് ഉടമ എന്നാണ് പൊലീസിനോട് വിശദീകരിച്ചത് എന്നാണ് അറിയുന്നത്. തുടര്‍ന്ന് പണം യഥാര്‍ഥത്തില്‍ കൈപ്പറ്റിയ ആളെ കണ്ടെത്തി. ഇയാളെയും പോലിസ് ചോദ്യം ചെയ്തു. ഇതിനു ശേഷം ഗുജറാത്ത് പോലിസുമായി ചേര്‍ന്നണ് കുറുപ്പം പടി പോലിസ് പണം കൈക്കലാക്കിയത്. കേസ് ഒത്തുതീര്‍പ്പാക്കി നല്‍കാമെന്നു പറഞ്ഞ് രണ്ട് പ്രതികളില്‍നിന്ന് 3.30 ലക്ഷം വീതം ആകെ 6.60 ലക്ഷം വാങ്ങുകയും ഗുജറാത്തില്‍ നിന്നെത്തിയ രണ്ട് പോലീസുകാര്‍ക്ക് 60,000 രൂപ നല്‍കുകയും ചെയ്തു. ബാക്കി ആറുലക്ഷം രൂപ നടപടി നേരിട്ട നാലുപേര്‍ പങ്കിടുകയും ചെയ്തുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ട്.
വിവരം രഹസ്യമാക്കി വച്ചെങ്കിലും സ്പെഷല്‍ ബ്രാഞ്ച് വിവരമറിയുകയും ഇക്കാര്യത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതായി സ്ഥിരീകരിച്ചു. പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയ ഈ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നാലു പേരെയും സസ്പെന്‍ഡ് ചെയ്തത്. പണം കൈമാറിയവര്‍ ഈ വിവരം വിജിലന്‍സിനെയും അറിയിച്ചിരുന്നു എന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് ഇന്ന് വിജിലന്‍സ് സംഘം സ്റ്റേഷനിലെത്തി പരിശോധന നടത്തുകയായിരുന്നു.




