പത്തനംതിട്ട: ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കേരളത്തില്‍ ഉടനീളം തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘം പത്തനംതിട്ടയില്‍ പിടിയിലായി. കോഴഞ്ചേരിയിലെ ബേക്കറി ഉടമയ്ക്ക് തോന്നിയ സംശയമാണ് മൂന്നു പേരെയും കുരുക്കിയത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ബിജോ മാത്യു, തിരുവനന്തപുരം ചെന്പഴന്തി സ്വദേശി ആര്‍.എ. ഇമ്മാനുവേല്‍, കവടിയാര്‍ സ്വദേശി ഡെന്നിസ് ജേക്കബ് എന്നിവരാണ് പിടിയിലായത്. പിഴയും കുടിശ്ശികയും തവണകളാക്കി നല്‍കാമെന്നും കുറവ് ചെയ്തു നല്‍കാമെന്നുമൊക്കെ പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

കോഴഞ്ചേരിയിലെ ഒരു ബേക്കറിയില്‍ എത്തിയ ബിജോ മാത്യു ജി എസ് ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ ബേക്കറി ഉടമയ്ക്ക് സംശയം തോന്നിയതോടെയാണ് തുടക്കം. കട ഉടമ ജിഎസ്ടി വകുപ്പിലെ ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണറെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്.