ഒറ്റപ്പാലം: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകള്‍ രുദ്ര രാജേഷ് (16) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെ കുട്ടിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രുദ്ര ആത്മഹത്യ ചെയ്തത് സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങിനെ തുടര്‍ന്നാണെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂളിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് കുടുംബം. മകള്‍ മരിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങ്ങ് മൂലമെന്നാണ് അച്ഛന്‍ രാജേഷ് ആരോപിക്കുന്നത്. കഴിഞ്ഞദിവസം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകള്‍ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മകളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും ഹോസ്റ്റല്‍ വാര്‍ഡന് എല്ലാം അറിയാമെന്നും അച്ഛന്‍ പറയുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കും കുടുംബം പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ്‌ലൈനും പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

അതേ സമയം, അച്ഛന്റെ ആരോപണം പൂര്‍ണമായും നിഷേധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. റാഗിങ്ങുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയോ കുടുംബമോ പരാതി നല്‍കിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. മരിച്ച രുദ്രയുടെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്.

ഇന്നലെ രാത്രിയാണ് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ രുദ്രയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് സ്‌കൂളിലെത്തി അന്വേഷണം നടത്തും. മരിച്ച രുദ്രയുടെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴി രേഖപ്പെടുത്തും.