- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കിളിമാനൂരില്‍ ദമ്പതികളുടെ ജീവനെടുത്ത അപകടം; ഒളിവില്‍പോയ ഒന്നാം പ്രതി വിഷ്ണുവിന് മുന്‍കൂര്‍ ജാമ്യമില്ല; ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയെന്നും കോടതി; അന്വേഷണം തുടരുന്നു

തിരുവനന്തപുരം കിളിമാനൂരില്‍ ഥാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണുവിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസിലെ ഒന്നാം പ്രതിയായ വിഷ്ണു ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ജനുവരി നാലിനാണ് പാപ്പാല ജംഗ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് അപകടം ഉണ്ടായത്. അംബിക അപകടത്തിന് മൂന്നു ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞദിവസവും മരിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പ്. വാഹനം ഇടിച്ചിട്ട ശേഷം ദമ്പതികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വിഷ്ണു ശ്രമിച്ചില്ല ഇത് ഗുരുതരമായ വീഴ്ചയാണെന്നാണ് കോടതിയുടെ നിരീക്ഷണം ഇതേ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതും.
ഇക്കഴിഞ്ഞ നാലിനാണ് കിളിമാനൂര്‍ പാപ്പാല ജംഗ്ഷനില്‍ വച്ചാണ് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഥാര്‍ ഇടിച്ചത്. മദ്യപിച്ച് പ്രതികള്‍ ഓടിച്ച ഥാര്‍ വാഹനമിടിച്ച് ആയിരുന്നു അപകടം. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് നല്‍കിയിരുന്നു. പിന്നീട് ഇയാളെ അന്ന് തന്നെ പൊലീസ് ജാമ്യം നല്‍കി വിട്ടയച്ചു. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട രണ്ടുപേര്‍ക്കെതിരെ കിളിമാനൂര്‍ പൊലീസ് ഒരു നടപടിയുമെടുത്തില്ല. പ്രതികള്‍ തമിഴ്നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന. ഇവര്‍ക്കായി ഒരു സംഘം ഉദ്യോഗസ്ഥര്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നതിനാല്‍ പൊലീസ് സംരക്ഷിക്കുന്നു എന്നുള്ള ആരോപണമാണ് ഉയര്‍ന്നത്. ഇതിനിടെ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വാഹനം കത്തിക്കാന്‍ ശ്രമിച്ചതും ദുരൂഹത വര്‍ദ്ധിപ്പിച്ചു. രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനം സൂക്ഷിച്ചത് എം സി റോഡിനു അരികെ അലക്ഷ്യമായിട്ടായിരുന്നു. വാര്‍ത്തയ്ക്കു പിന്നാലെയാണ് വാഹനം പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് മാറ്റിയത് പോലും. തൊണ്ടി മുതല്‍ കത്തിയതില്‍ ദുരൂഹത ഉണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമം എന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ യാതൊരുവിധ നടപടിയും കിളിമാനൂര്‍ പൊലീസ് എടുത്തിരുന്നില്ല. മാത്രമല്ല സ്റ്റേഷനില്‍ എത്തിയ രജിത്തിന്റെ ബന്ധുക്കളെ ഉദ്യോഗസ്ഥരാക്ഷേപിക്കുകയും ചെയ്തു.
കുടുംബത്തിനുണ്ടായ ദുരനുഭവത്തെ കുറിച്ചും അപകടത്തെ പറ്റിയും മരണത്തിനു മുമ്പ് രജിത് പ്രതികരിച്ചിരുന്നു.പിന്നാലെയായിരുന്നു രജിത്തും മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്നാണ് നാട്ടുകാര്‍ രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലടക്കം വലിയ പ്രതിഷേധം സംഘടിപ്പിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഉള്‍പ്പെടെ എത്തി പ്രതികളെ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി. പിന്നാലെയാണ് സ്റ്റേഷനില്‍ കൂട്ട നടപടി. സ്റ്റേഷന്‍ എസ് എച്ച് ഒ ബി.ജയന്‍,എസ് ഐ അരുണ്‍, ഗ്രേഡ് എസ് ഐ ഷജിം എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
ഇതിനിടെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളെ പൊലീസ് ഇന്നലെ പിടികൂടി . നെയ്യാറ്റിന്‍കര സ്വദേശി ആദര്‍ശനിയാണ് അന്വേഷണസംഘം പിടികൂടിയത്. വിഷ്ണുവിനെ ഒളിവില്‍പോകാന്‍ സഹായിച്ചത് ഇയാളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


