- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആലപ്പുഴയിലെ ഹിമാലയാ ബേക്കറിയുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് 63 ലക്ഷം രൂപ; ഒളിവില്‍ പോയ വനിതാ അക്കൗണ്ടന്റിനെയും ഭര്‍ത്താവിനെയും കണ്ടെത്താനാവാതെ പോലിസ്: ചിന്നു തട്ടിപ്പ് നടത്തിയത് മാനേജ്മെന്റിന്റെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം
ആലപ്പുഴയിലെ ഹിമാലയാ ബേക്കറിയുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് 63 ലക്ഷം രൂപ

മണ്ണഞ്ചേരി: ആലപ്പുഴയിലെ പ്രമുഖ ബേക്കറി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍നിന്ന് 63 ലക്ഷം രൂപ തട്ടിയെടുത്ത സഭവത്തില്‍ ഒളിവില്‍ പോയ പ്രധാന പ്രതികള്‍ക്കായി പോലിസ് അന്വേഷണം തുടരുന്നു. സ്ഥാപനത്തിലെ അക്കൗണ്ടന്റും ഭര്‍ത്താവും ചേര്‍ന്നാണ് 63.75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. കേസില്‍ പിടികൂടുമെന്നായതോടെയാണ് ഇരുവരും ഒളിവില്‍ പോയത്. കേസില്‍ ഉള്‍പ്പെട്ട മൂന്നും, നാലും പ്രതികള്‍ റിമാന്‍ഡിലാണ്. ആലപ്പുഴ ഹിമാലയ ബേക്കറിയിലാണ് അക്കൗണ്ടന്റ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ബേക്കറിയിലെ അക്കൗണ്ടന്റായിരുന്ന യുവതിയും ഭര്‍ത്താവും ബേക്കറിയിലെ ജീവനക്കാരായിരുന്ന മറ്റു രണ്ടുപേരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.
സ്ഥാപനത്തിന്റെ അക്കൗണ്ടന്റായ മണ്ണഞ്ചേരി പഞ്ചായത്ത് വടക്കനാര്യാട് 11-ാംവാര്‍ഡ് ഇട്ടിയം വെളിയില്‍ ചിന്നു(36), ഭര്‍ത്താവ് പ്രജീഷ് (44) , സ്ഥാപനത്തിന്റെ കണക്കുകള്‍ നോക്കിയിരുന്ന ആലപ്പുഴയിലെ അക്കൗണ്ടന്റ് ഓഫീസിലെ ജീവനക്കാരന്‍ അവലൂക്കുന്ന് കരളകം പാക്കള്ളി ചിറയില്‍ കണ്ണന്‍ (29), ബേക്കറിയിലെ ഡ്രൈവര്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് തയ്യില്‍ വീട്ടില്‍ ആല്‍ബിന്‍ ആന്റണി (36) എന്നിവര്‍ക്കെതിരേയാണ് കേസ്. കണ്ണനും ആല്‍ബിനും റിമാന്‍ഡിലാണ്.
ഹിമാലയ ബേക്കറി സ്ഥാപനങ്ങളുടെ കലവൂരിലെ പ്രധാന ശാഖയായ ബേക്ക് ആന്‍ഡ് മോറിന്റെ അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലിസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികള്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ എവിടെ എന്ന് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റഗ്രാം വഴി പ്രതികള്‍ വീട്ടുകാരുമായി ബന്ധപ്പെടുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ നീക്കം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു. യുവതിയും ഭര്‍ത്താവും ചേര്‍ന്നാണ് തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത്. മറ്റു രണ്ടു പേരും സഹായവുമായി ഒപ്പം നിന്നു.
2018 മുതല്‍ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന ചിന്നു മാനേജ്‌മെന്റിലെ എല്ലാവരുടെയും വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തിയത്. തുടക്കത്തില്‍ ചെറിയ തുകകളുടെ തട്ടിപ്പ് നടത്തി നോക്കി പിടിക്കപ്പെടുന്നില്ലെന്ന് കണ്ടതോടെയാണ് വന്‍ തട്ടിപ്പുകളിലേക്ക് നീങ്ങിയത്. വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്രയും തുക തട്ടിയെടുത്തത്. ആദ്യം ചെറിയ തുകകളാണ് തട്ടിയത്. പിടിക്കപ്പെടില്ലെന്ന് തോന്നിയതോടെ വലിയതുകകള്‍ തട്ടിയെടുക്കാന്‍ തുടങ്ങി. 2024- 25 സാമ്പത്തിക വര്‍ഷമാണ് വലിയ തിരിമറി നടന്നത്.
ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും ആദ്യമൊന്നും തട്ടിപ്പ് തിരിച്ചറിഞ്ഞില്ല. ഇതു സംബന്ധിച്ച് മാനേജ്‌മെന്റിനു സൂചനകള്‍ ലഭിച്ചതോടെ പുതിയ രണ്ട് അക്കൗണ്ടന്റുമാരെ സ്ഥാപനത്തിലേക്ക് നിയമിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് തിരിമറി വെളിച്ചത്തായത്. ചിന്നുവിന്റെയും ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക് വന്‍ തുകകളാണ് മാറ്റിയെടുത്തത്. ഇത്ര വലിയ തുക എന്തൊക്കെ കാര്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്ന് പ്രതികള്‍ കസ്റ്റഡിയിലായാല്‍ മാത്രമേ അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.


