ഭോപ്പാല്‍: മൂന്ന് മക്കളെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചയാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് ശേഷം അഭയം നല്‍കിയ ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി. മൂന്ന് ആണ്‍മക്കളെ കോടാലിക്ക് വെട്ടികൊലപ്പെടുത്തിയ പ്രിതം കുശ്വാഹ എന്നയാളാണ് ജയിലില്‍ നിന്നിറങ്ങിയ ശേഷം ബന്ധുവിനെയും കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഭോപ്പാല്‍ ഗൗതംനഗറില്‍ താമസിക്കുന്ന ദുര്‍ഗ(50)യെയാണ് പ്രീതം കുത്തിക്കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി.

മൂന്ന് മക്കളെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷത്തോളം ജയിലിലായിരുന്ന പ്രിതം ഒരുവര്‍ഷം മുന്‍പാണ് ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഇയാളെ ഗ്രാമവാസികള്‍ ഒറ്റപ്പെടുത്തി. ഇതോടെ ആരോരും ഇല്ലാതായ ഇയാള്‍ക്ക ബന്ധുവായ ദുര്‍ഗയാണ് ഭോപ്പാലിലെ വീട്ടില്‍ അഭയംനല്‍കിയതെന്നും പോലീസ് പറഞ്ഞു. ഒരുവര്‍ഷത്തോളമായി ദുര്‍ഗയുടെ വീട്ടിലായിരുന്നു പ്രിതം താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ ആറുമാസമായി വീട്ടില്‍നിന്ന് മാറണമെന്ന് ദുര്‍ഗ പ്രിതത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ പ്രീതം ദുര്‍ഗയെ കൊലപ്പെടുത്താന്‍ പദ്ധതിയൊരുക്കി.

ദുര്‍ഗയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍വെച്ചാണ് കൃത്യം നടത്തിയത്. ഇവിടം വൃത്തിയാക്കാമെന്ന വ്യാജേനയാണ് പ്രതി ദുര്‍ഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരികയും തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നിരന്തരം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സ്ത്രീയുടെ നെഞ്ചിലും വയറ്റിലും പലതവണ കുത്തേറ്റതായും പോലീസ് പറഞ്ഞു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം ഇയാള്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയും ആയിരുന്നു.

മൂന്ന് ആണ്‍മക്കളെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന കേസിലാണ് പ്രിതം 18 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചത്. ഭോപ്പാലില്‍ ദുര്‍ഗ അഭയംനല്‍കിയതിന് പിന്നാലെ ഇയാള്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടവും ആരംഭിച്ചിരുന്നു.