ഒട്ടാവ: രണ്ട് വർഷം മുമ്പ് കാനഡയെ നടുക്കിയ ഇന്ത്യൻ വംശജ ഗുർസിമ്രാൻ കൗറിന്റെ മരണം വീണ്ടും ചർച്ചയാവുകയാണ്. 2024-ൽ ഹാലിഫാക്സിലെ വാൾമാർട്ട് സ്റ്റോറിലെ ബേക്കറി ഓവനുള്ളിൽ 19-കാരിയായ ഗുർസിമ്രാനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, നീതി തേടി അമ്മ മന്ദീപ് കൗർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പോലീസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ മാറിയിട്ടില്ലെന്ന് ആ അമ്മ വിശ്വസിക്കുന്നു.

2022-ൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ മന്ദീപും മകൾ ഗുർസിമ്രാനും ഒരേ വാൾമാർട്ട് ഔട്ട്‌ലെറ്റിലാണ് ജോലി ചെയ്തിരുന്നത്. 2024 ഒക്ടോബർ 19-ന് രാത്രി ഷിഫ്റ്റിനിടെ മകളെ കാണാതായതോടെയാണ് മന്ദീപ് അന്വേഷണം തുടങ്ങിയത്. മകളുടെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ പരിഭ്രാന്തയായ മന്ദീപ് സ്റ്റോറിലാകെ തിരച്ചിൽ നടത്തി. ഒടുവിൽ ബേക്കറി വിഭാഗത്തിലെ വലിയ വാക്ക്-ഇൻ ഓവന് സമീപം എത്തിയപ്പോൾ ഓവന്റെ പിൻഭാഗത്ത് നിന്ന് ദുരൂഹമായ ദ്രാവകം ഒഴുകുന്നത് മന്ദീപിന്റെ ശ്രദ്ധയിൽപ്പെട്ടു.

ഓവൻ തുറന്ന മന്ദീപ് കണ്ടത് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം കത്തിക്കരിഞ്ഞ തന്റെ മകളുടെ മൃതദേഹമാണ്. "എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാനായില്ല, മിനിറ്റുകളോളം ഞാൻ ആ തറയിൽ മകൾക്കൊപ്പം ഇരുന്നു. എന്റെ ജീവിതം എന്നെന്നേക്കുമായി മാറിപ്പോയി," മന്ദീപ് കൗർ വേദനയോടെ ഓർക്കുന്നു. ഗുർസിമ്രാന്റെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഇതൊരു അപകടമാണെന്നുമാണ് കനേഡിയൻ പോലീസിന്റെയും തൊഴിൽ വകുപ്പിന്റെയും കണ്ടെത്തൽ. ഓവൻ അകത്തുനിന്ന് തുറക്കാൻ കഴിയുന്ന രീതിയിലുള്ളതാണെന്നും സുരക്ഷാ ലംഘനങ്ങൾ നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. എന്നാൽ ഈ വാദങ്ങൾ കുടുംബം പൂർണ്ണമായും തള്ളിക്കളയുന്നു.

ഗുർസിമ്രാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. നീണ്ട 18 മാസത്തെ അന്വേഷണത്തിന് ശേഷവും മരണത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഓവൻ തനിയെ അടഞ്ഞതാണോ അതോ ആരെങ്കിലും പുറത്തുനിന്ന് പൂട്ടിയതാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെയും വാൾമാർട്ട് അധികൃതർക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് മന്ദീപ് കൗർ ആലോചിക്കുന്നുണ്ട്. സംഭവത്തിന് മൂന്ന് മാസങ്ങൾക്ക് ശേഷം ആ വാൾമാർട്ട് ഔട്ട്‌ലെറ്റ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതും കുടുംബത്തെ വേദനിപ്പിക്കുന്നു. തന്റെ മകൾ മരണത്തിന് മുമ്പ് എത്രത്തോളം നിലവിളിച്ചിട്ടുണ്ടാകും എന്ന ചിന്ത മന്ദീപിനെ ഇന്നും വേട്ടയാടുകയാണ്.

ഇന്ത്യൻ സമൂഹവും സിഖ് കൗൺസിലും ഈ കുടുംബത്തിന് പിന്തുണയുമായി രംഗത്തുണ്ട്. മകളുടെ മരണത്തിന് പിന്നിലെ യഥാർത്ഥ സത്യം പുറത്തുവരുന്നതുവരെ താൻ പോരാടുമെന്ന ഉറച്ച തീരുമാനത്തിലാണ് മന്ദീപ് കൗർ.

"എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അഞ്ചോ പത്തോ മിനിറ്റ് ഞാൻ അവളോടൊപ്പം തറയിൽ ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. ഗുർസിമ്രാന്‍റെ ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. നിമിഷങ്ങൾക്കുള്ളിൽ, എന്‍റെ ജീവിതം എന്നെന്നേക്കുമായി മാറി.” മന്ദീപ് കൗർ ഡെയ്‌ലി മെയിലിനോട് സംസാരിക്കവെ പറഞ്ഞു. മരിക്കുന്നതിന് മുമ്പ് അവൾ എത്രനേരം സഹായത്തിനായി നിലവിളിച്ചു എന്നതിനെക്കുറിച്ചുള്ള ചിന്തകൾ ഇന്ന് തന്നെ വേട്ടയാടുന്നുവെന്ന് മന്ദീപ് പറഞ്ഞു.

അതേസമയം, ഗുർസിമ്രാന്‍റെ മരണത്തിൽ പോലീസിന് സംശയങ്ങളാന്നുമില്ല, ഗുർസിമ്രാൻ മരിച്ച അടുപ്പ് "ഉള്ളിൽ നിന്ന് തുറക്കാൻ കഴിയുമെന്ന് " തൊഴിൽ, നൈപുണ്യ, കുടിയേറ്റ വകുപ്പിന്‍റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഗ്രെഗ് ഹന്ന ഡെയ്‌ലി മെയിലിനോട് പറഞ്ഞു. തൊഴിൽ ആരോഗ്യ, സുരക്ഷാ നിയമങ്ങളുടെ ലംഘനമാണ് മരണത്തിന് കാരണമായതെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ, ഗുർസിമ്രാൻ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം അവകാശപ്പെടുന്നു. 18 മാസം അന്വേഷിച്ചിട്ടും പോലീസിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് അറിയിച്ച് മന്ദീപ് കൗർ വാൾമാട്ടിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും വ്യക്തമാക്കി.