പ്രതാപ്ഗഡ്: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലുള്ള സുമേര്‍പുര്‍ ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവന്റെ മൃതദേഹം ചാക്കില്‍ കെട്ടി കനാലില്‍ ഉപേക്ഷിച്ച സംഭവത്തില്‍ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകള്‍. രണ്ട് ഭാര്യമാരും 18 മക്കളുമുള്ള മുസ്തഖ ഗുല്‍ഷന്‍ എന്ന മുന്നയാണ് കാമുകിയുടെയും സഹോദരന്റെയും ക്രൂരതയ്ക്ക് ഇരയായത്. മാര്‍ച്ച് 18 മുതല്‍ കാണാതായ മുന്നയുടെ മൃതദേഹം ദിവസങ്ങള്‍ക്കുശേഷം ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു കനാലില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്.

ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മുന്ന കൊല്ലപ്പെടുന്നത്. രണ്ട് ഭാര്യമാരിലുമായി ആറ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും വീതം ആകെ 18 മക്കളാണ് ഇയാള്‍ക്കുള്ളത്. ഇതിനിടയിലാണ് വിവാഹിതയായ സുമന്‍ ദേവി എന്ന സ്ത്രീയുമായി മുന്ന പ്രണയത്തിലായത്. സുമന്റെ ഭര്‍ത്താവ് ജോലിക്കായി ഗ്രാമത്തിന് പുറത്തായിരുന്ന സമയത്ത് മുന്ന നല്‍കിയ സഹായങ്ങളാണ് ഇരുവരെയും അടുപ്പിച്ചത്.

എന്നാല്‍, ഈ ബന്ധം വൈകാതെ തന്നെ പകയായി മാറി. സുമന്‍ ദേവിയെ നിരന്തരം കാണണമെന്ന് ആവശ്യപ്പെട്ട് മുന്ന സമ്മര്‍ദ്ദം ചെലുത്താനും ബ്ലാക്ക് മെയില്‍ ചെയ്യാനും തുടങ്ങിയതോടെയാണ് കൊലപാതകത്തിന് കളമൊരുങ്ങിയത്. മുന്നയുടെ ശല്യം സഹിക്കവയ്യാതെ സുമന്‍ തന്റെ സഹോദരനോട് വിവരം പറയുകയും ഇരുവരും ചേര്‍ന്ന് മുന്നയെ വകവരുത്താന്‍ പദ്ധതിയിടുകയുമായിരുന്നു.

പദ്ധതിപ്രകാരം മാര്‍ച്ച് 18-ന് സുമന്‍ മുന്നയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മുന്ന മുറിയില്‍ പ്രവേശിച്ച ഉടന്‍ സുമന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ചാക്കിലാക്കി കനാലില്‍ തള്ളി. മുന്നയുടെ ബൈക്ക് മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

മുന്നയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയതോടെ പോലീസ് നടത്തിയ ഫോണ്‍ രേഖകളുടെ പരിശോധനയാണ് സുമന്‍ ദേവിയിലേക്ക് എത്തിയത്. ചോദ്യം ചെയ്യലില്‍ സുമന്‍ കുറ്റം സമ്മതിക്കുകയും മൃതദേഹം തള്ളിയ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. മാര്‍ച്ച് 22-ന് കനാലില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ സുമനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒരു കുടുംബനാഥന്റെയും മുന്‍ ജനപ്രതിനിധിയുടെയും അവിഹിത ബന്ധം ഒടുവില്‍ ദാരുണമായ അന്ത്യത്തിലാണ് കലാശിച്ചത്.