- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗുണ്ടകളുടെ വീടിനു സമീപത്തുകൂടി കടന്നു പോവുകയായിരുന്ന ഫ്‌ലോട്ടിന് മുന്നില്‍ ആവേശത്തോടെ നൃത്തം ചെയ്യുകയായിരുന്നു തേജസ്; ഗുണ്ടകളില്‍ ഒരാളുടെ കാലില്‍ തേജസ് അറിയാതെ ചവിട്ടി; കാതടപ്പിക്കുന്ന ശബ്ദവും വര്‍ണ്ണവെളിച്ചവും മറയാക്കി കുത്തി മലര്‍ത്തി; കൊല്ലത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ട വിളയാട്ടം, 19കാരന് ദാരുണാന്ത്യം; കൊട്ടിയത്തേത് അസാധാരണ പക

കൊട്ടിയം: പ്രതികളുടെ വീടിനു സമീപത്തുകൂടി കടന്നുപോവുകയായിരുന്ന ഫ്‌ലോട്ടിന് മുന്നില്‍ ആവേശത്തോടെ നൃത്തം ചെയ്യുകയായിരുന്നു തേജസ്. ഇതിനിടെ അക്രമിസംഘത്തിലെ ഒരാളുടെ കാലില്‍ തേജസ് അറിയാതെ ചവിട്ടി. ഇതില്‍ പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും തേജസിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും കൈവശം കരുതിയിരുന്ന കത്തിയെടുത്ത് ആദിത്യന്‍ തേജസിനെ കുത്തിവീഴ്ത്തുകയുമായിരുന്നു.
കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്‌സുകളും മിന്നിമറയുന്ന എല്‍.ഇ.ഡി ലൈറ്റുകളും ഘടിപ്പിച്ച ഫ്‌ലോട്ട് കടന്നുപോകുമ്പോള്‍ നടന്ന അക്രമവും തേജസിന്റെ നിലവിളിയും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. അലുവ അതുല്‍ കൊലപാതകത്തിന് പിന്നാലെ കൊല്ലം ജില്ലയെ നടുക്കിക്കൊണ്ട് വീണ്ടും ഗുണ്ടകള്‍ ഒരു ജീവന്‍ കൂടി അപഹരിച്ചിരിക്കുന്നു. മുഖത്തല കിഴവൂര്‍ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകന്‍ അമ്പാടി എന്ന തേജസ് (19) ആണ് അഞ്ചംഗ ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി 8.30 ഓടെ മുഖത്തല കിഴവൂരിലെ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കാലില്‍ ചവിട്ടിയെന്ന നിസ്സാര ആരോപണം ഉന്നയിച്ച് നടുറോഡിലിട്ടാണ് പത്തൊമ്പതുകാരനെ അക്രമിസംഘം കൊലപ്പെടുത്തിയത്. കുത്തേറ്റ തേജസ് റോഡില്‍ വീണെങ്കിലും നൃത്തത്തിനിടെ തളര്‍ന്നു വീണതാകാമെന്ന ധാരണയില്‍ ആളുകള്‍ തേജസിനെ റോഡരികിലേക്ക് മാറ്റി കിടത്തുകയായിരുന്നു. ഫ്‌ലോട്ട് കടന്നുപോയ ശേഷമാണ് തേജസിന് കുത്തേറ്റിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്. ഉടന്‍ തന്നെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവം നടന്ന് എട്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ കൊട്ടിയം പോലീസ് പിടികൂടി. കിഴവൂര്‍ സ്വദേശികളായ ടുട്ടു എന്ന ആദിത്യന്‍ (19), വിനു (26), പ്രിജിത്, അഖില്‍ രാജ് (29) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് പോലീസിന്റെ വലയിലായത്. വെളിച്ചിക്കാലയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ച യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൗമ്യയാണ് കൊല്ലപ്പെട്ട തേജസിന്റെ അമ്മ. സഹോദരി: ലച്ചു. ആഡംബര വെളിച്ചത്തിനും ഉച്ചത്തിലുള്ള സംഗീതത്തിനും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെ സാന്നിധ്യം ഉത്സവ നഗരികളെ എങ്ങനെ ചോരക്കളമാക്കുന്നു എന്നതിന്റെ ഭീഷണമായ ഉദാഹരണമായി ഈ കൊലപാതകം മാറി.


