കൊച്ചി: ഇവന്റ് മാനേജ്മെന്റിന്റെ മറവില്‍ മയക്കുമരുന്നുകള്‍ വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ ഷാജി ഫെര്‍ണാണ്ടോ എന്ന ഷോണ്‍ (44) കൊച്ചിയില്‍ ലഹരിവേട്ടയില്‍ പിടിയിലായി. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡി.ജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഷാഡോ പൊലീസ് നിരീക്ഷണം നടത്തുന്നതിനിടെയാണ് ഞെട്ടിക്കുന്ന ലഹരിവേട്ട നടന്നത്. കടവന്ത്ര പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഷോണിനൊപ്പം ഡോക്ടറും അഭിഭാഷകനും യുവതികളും ഉള്‍പ്പെടെ എട്ടുപേരാണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ആഡംബര ക്രൂയിസായ 'നെഫര്‍റ്റിറ്റി'യില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ കസ്റ്റംസിന്റെ കൈയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണ് ഷോണ്‍. അന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ക്രൂയിസില്‍ എത്തിയ ഉടന്‍ പ്രതി തന്ത്രപരമായി കടന്നുകളയുകയായിരുന്നു. എന്നാല്‍ ഇത്തവണ പൊലീസിന്റെ വലയില്‍ നിന്ന് രക്ഷപ്പെടാനായില്ല. ശനിയാഴ്ച കൊച്ചിയില്‍ നടന്ന ക്രൂയിസ് പാര്‍ട്ടിയുടെ പിന്നിലും ഷോണ്‍ തന്നെയായിരുന്നുവെന്നും അവിടെയും ലഹരിമരുന്ന് ഒഴുകിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം കൊച്ചിയിലെ ആഡംബര ക്രൂയിസ് പാര്‍ട്ടികളിലേക്ക് കൂടി വ്യാപിച്ചു.

തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ ഷോണിന് പുറമെ, ഇടപ്പള്ളിയിലെ റെസ്റ്റോറന്റ് ഉടമ ഓസ്റ്റിന്‍ ജോസ് (31), അഭിഭാഷകന്‍ രോഹിത് നായര്‍ (25), ബിസിനസുകാരന്‍ ജിനോ മുരളി, ന്യൂട്രിഷ്യന്‍ അക്ബര്‍ ഷാ (30), ദന്ത ഡോക്ടര്‍ ബെന്‍സി റാവുത്തര്‍ (29), ഫിസിയോ തെറാപ്പിസ്റ്റ് സെയ്തലി ഫാത്തിമ (29), ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി അമല്‍ റഊഫ് (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ന്‍, 0.36 ഗ്രാം മെത്താംഫിറ്റമിന്‍, 0.44 ഗ്രാം എക്സ്റ്റസി പില്‍ എന്നിവ കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് കുറവായതിനാല്‍ പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു.

ശംഖുമുഖം സ്വദേശിയായ ഷോണിന് മാഫിയയുമായി അടുത്ത ബന്ധമുണ്ട്. ശംഖുമുഖത്ത് ഒരു സ്വകാര്യഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലോബി സജീവമാണ്. ഷോണും ഈ സംഘത്തിന്റെ ഭാഗമാകാന്‍ സാധ്യത ഏറെയാണ്. സ്വര്‍ണ്ണ കടത്തിലും ഈ സംഘം പേരുദോഷം കേട്ടിരുന്നു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹ അപകട മരണവും വിരല്‍ ചൂണ്ടിയത് ശംഖുമുഖത്തേക്കായിരുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ആ സംഘത്തിനുണ്ട്. അതുകൊണ്ട് തന്നെ ഈ സംഘത്തെ കുടുക്കുക പോലീസിന് വെല്ലുവിളി നിറഞ്ഞ കടമ്പയാണ്. അതിനാല്‍ കൊച്ചിയിലെ മയക്കു മരുന്നിലെ പോലീസ് അന്വേഷണവും ഇവിടെ നിലയ്ക്കാനാണ് സാധ്യത.

അതേസമയം, പിടിച്ചെടുത്ത മാരക ലഹരിമരുന്നുകള്‍ വിദേശത്തുനിന്ന് എത്തിയതാണെന്ന സംശയത്തില്‍ കസ്റ്റംസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ സ്ഥിരമായി പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിക്ക് ശേഷം സംഘം മുറിയിലേക്ക് മാറിയപ്പോഴാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.

വിദേശത്തുനിന്നുള്ള ലഹരിക്കടത്തില്‍ ഷോണിന് പങ്കുണ്ടോയെന്നും ഇയാള്‍ ഇതിന് മുന്‍പ് സംഘടിപ്പിച്ച പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും കസ്റ്റംസ് വിശദമായ അന്വേഷണം നടത്തും.