- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'കര്‍മ്മം ആരെയും വെറുതെ വിടില്ല; അയാളൊരു ലൈംഗിക വേട്ടക്കാരന്; രഞ്ജിത്ത് നല്ലൊരു മനുഷ്യനല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു'; ലൈംഗിക പീഡന കേസില്‍ രഞ്ജിത്ത് അറസ്റ്റിലായതില്‍ പ്രതികരിച്ച് മുന്‍പ് പീഡന പരാതി നല്കിയ ബംഗാളി നടി

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ സംവിധായകന് രഞ്ജിത്ത് അറസ്റ്റിലായ പശ്ചാത്തലത്തില്‍, മുന്‍പ് അദ്ദേഹത്തിനെതിരെ സമാനമായ വെളിപ്പെടുത്തല്‍ നടത്തിയ ബംഗാളി നടിയുടെ പ്രതികരണം ചര്‍ച്ചയാകുന്നു. 'കര്‍മ്മം ആരെയും വെറുതെ വിടില്ല' എന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം. ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കെല്ലാം ഫലം ലഭിക്കുമെന്നും ഒരാള്‍ പ്രശസ്തനായ സംവിധായകനായിരിക്കാം, എന്നാല്‍ രഞ്ജിത്ത് നല്ലൊരു മനുഷ്യനല്ലെന്ന് ഇപ്പോള്‍ പുറത്തുവന്ന പരാതികള്‍ തെളിയിക്കുന്നുവെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
രഞ്ജിത്തിനെ ഒരു 'ലൈംഗിക വേട്ടക്കാരന്' എന്ന് വിശേഷിപ്പിച്ച നടി, തനിക്കുണ്ടായ അനുഭവം തുറന്നുപറയാന്‍ 15 വര്ഷമെടുത്തതിന്റെ കാരണങ്ങളും വ്യക്തമാക്കി. അക്കാലത്ത് സോഷ്യല്‍ മീഡിയ ഇത്രത്തോളം സജീവമായിരുന്നില്ലെന്നും കേരളത്തില്‍ തനിക്ക് ആരെയും അറിയില്ലായിരുന്നുവെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. നിലവില്‍ പരാതിയുമായി മുന്നോട്ടുവന്ന നടിയോട് നന്ദി രേഖപ്പെടുത്തിയ അവര്‍, ഇത്തരക്കാരെ ജയിലിലടയ്ക്കണമെന്നും സ്ത്രീകള്‍ ബഹുമാനിക്കപ്പെടേണ്ടവരാണെന്ന് ഈ കേസ് തെളിയിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
2009-ല്‍ 'പാലേരി മാണിക്യം' സിനിമയുടെ ചര്‍ച്ചകള്‍ക്കായി കൊച്ചിയിലെത്തിയപ്പോള്‍ കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. 2024-ല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2009-ലെ സംഭവത്തില്‍ കേസെടുക്കുന്നതിനുള്ള നിയമപരമായ സമയപരിധി അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി ഈ കേസ് റദ്ദാക്കുകയായിരുന്നു.
തന്റെ കേസ് സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടെങ്കിലും, പുതിയ പരാതിയില്‍ രഞ്ജിത്ത് അറസ്റ്റിലായത് നീതിയുടെ നടപ്പിലാക്കലായിട്ടാണ് നടി കാണുന്നത്. നിലവില്‍ ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാന്‍ഡിലായിരിക്കുന്നത്. സമാനമായ മൂന്ന് കേസുകള്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നത് ചലച്ചിത്ര മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.


