വിജയവാഡ: ആന്ധ്രാപ്രദേശില്‍ 35കാരിക്ക് നേരെ അതിക്രൂരമായ ലൈംഗികാതിക്രമം. വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ ആള്‍ അകത്തു കടന്ന ശേഷം കത്തി മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയതായും റിപ്പോര്‍ട്ട്. പല്‍നാട് ജില്ലയിലെ മാച്ചര്‍ല നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം. അജ്ഞാതനായ പ്രതിക്കായി പോലിസ് അന്വേഷണം തുടങ്ങി. മാച്ചര്‍ലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതി എത്തിയത്.

കുടിക്കാന്‍ വെള്ളം ചോദിച്ചാണ് പ്രതി എത്തിയത്. യുവതി വെള്ളം എടുക്കാനായി ഉള്ളിലേക്ക് പോയപ്പോള്‍ പ്രതി പിന്നാലെ വീടിനുള്ളില്‍ കയറി. വീടിനുള്ളില്‍ കടന്ന പ്രതി യുവതിയെ കെട്ടിയിട്ടു. തുടര്‍ന്ന് യുവതിയെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് മാച്ചര്‍ല ടൗണ്‍ സിഐ വെങ്കിട്ട രമണ പറഞ്ഞു. നിലവില്‍ നരസറാവുപേട്ട ഏരിയ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

കത്തിമുനയില്‍ നിര്‍ത്തി പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ തനിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് പ്രതി പ്രകോപിതനാവുകയും ഇരുമ്പ് ദണ്ഡ് സ്വകാര്യഭാഗങ്ങളില്‍ തറയ്ക്കുകയുമായിരുന്നു. യുവതിയെ അതിമാരകമായി മുറിവേല്‍പ്പിച്ച ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

യുവതിയുടെ സഹോദരീപുത്രന്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. അവര്‍ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തില്‍ മാച്ചര്‍ല എംഎല്‍എ ജൂലകണ്ടി ബ്രഹ്‌മാനന്ദ റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. ഗുണ്ടൂര്‍ റേഞ്ച് ഐജി സര്‍വശ്രേഷ്ഠ് ത്രിപാഠിയുമായി സംസാരിച്ച അദ്ദേഹം പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു. പ്രതിയെ പിടികൂടുന്നതിനായി പല്‍നാട് ജില്ലാ പൊലീസ് നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.