ആലപ്പുഴ: ജില്ലയിലെ ചില ഹോട്ടലുകളില്‍ ഷെഡ്യൂള്‍ ഒന്ന് ഇനത്തില്‍പ്പെട്ട കൃഷ്ണപ്പരുന്തുകളെ പ്രദര്‍ശന വസ്തുവാക്കുന്നതിനെതിരേ നടപടി. റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ഇവയ്ക്കൊപ്പം ചിത്രം എടുത്തു പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യ (പെറ്റ ഇന്ത്യ) പ്രവര്‍ത്തകരുടെ പരാതി പ്രകാരം പോലീസും വനപാലകരും ചേര്‍ന്ന് റെയ്ഡ് നടത്തി.

നോര്‍ത്ത് കൈനകരിയിലെ പള്ളാത്തുരുത്തി സുമന്‍ഡ്രാസ് റസ്റ്റോറന്റില്‍ അനധികൃതമായി കൈവശം വച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത കൃഷ്ണ പരുന്തിനെ കണ്ടെത്തി. ഉടമയുടെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന പക്ഷിയെ ആണ് പിടികൂടിയത്. 1972 ലെ വന്യജീവിസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വന്യജീവി നിയമത്തിലെ ഷെഡ്യൂള്‍ ഒന്ന് വിഭാഗത്തില്‍പ്പെട്ട ജീവിയാണ് കൃഷ്ണപ്പരുന്ത്.

വന്യജീവി നിയമത്തിലെ സെക്ഷന്‍ 9, സംരക്ഷിത വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കുന്നു. സെക്ഷന്‍ 2(16) പ്രകാരം, 'വേട്ട'യില്‍ പിടിക്കുകയോ അങ്ങനെ ചെയ്യാന്‍ ശ്രമിക്കുകയോ, അതുപോലെ തന്നെ അത്തരം പ്രവൃത്തികള്‍ക്ക് സൗകര്യമൊരുക്കാന്‍ മൃഗങ്ങളെ ചൂണ്ടയിടുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ഉള്‍പ്പെടുന്നു. സെക്ഷന്‍ 39(1) പ്രകാരം എല്ലാ വന്യമൃഗങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ സ്വത്താണെന്നും, സെക്ഷന്‍ 39(3) പ്രകാരം, ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെയോ അംഗീകൃത ഉദ്യോഗസ്ഥന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു വ്യക്തിക്കും ഏതെങ്കിലും വന്യമൃഗത്തെ സ്വന്തമാക്കാനോ കൈവശം വയ്ക്കാനോ കസ്റ്റഡിയില്‍ വയ്ക്കാനോ നിയന്ത്രിക്കാനോ കഴിയില്ലെന്നും പറയുന്നു.

ഷെഡ്യൂള്‍ ഒന്നില്‍ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബ്രാഹ്‌മിണി കൈറ്റിന് (കൃഷ്ണ പരുന്ത്) നിയമപ്രകാരം ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ലഭിക്കുന്നു. സെക്ഷന്‍ 51 പ്രകാരം, ഷെഡ്യൂള്‍ ഒന്ന് ഇനങ്ങളില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവും ഏഴ് വര്‍ഷം വരെ നീളാവുന്ന തടവും 25,000 രൂപയില്‍ കുറയാത്ത പിഴയും ലഭിക്കും.




'തുറന്ന ആകാശത്ത് പറക്കാന്‍ വേണ്ടി ജനിച്ച സാമൂഹിക ജീവികളാണ് പക്ഷികള്‍ കൂടുകളില്‍ ഏകാന്തമായും ദുരിതപൂര്‍ണ്ണമായും ജീവിതം ചെലവഴിക്കുകയോ വിനോദസഞ്ചാരികളെ ഭയന്ന് ജീവിക്കുകയോ ചെയ്യുന്നില്ല,' പെറ്റ ഇന്ത്യ ലീഡ് ക്രുവല്‍റ്റി റെസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ശ്രീക്കുട്ടി ബെന്നറ്റ് പറയുന്നു.




ആലപ്പുഴയിലെ ചില ഷാപ്പുകളില്‍ ആണ് പ്രധാനമായും കൃഷ്ണപ്പരുന്ത് പ്രദര്‍ശന വസ്തുവാകുന്നത്. ഇവിടെ കള്ള് കൊടുക്കുന്ന ചെത്തുകാര്‍ തന്നെയാണ് പരുന്തിന്റെ കുഞ്ഞുങ്ങളെയും എത്തിക്കുന്നത്. ഉയരം കൂടിയ വൃക്ഷങ്ങളിലാണ് സാധാരണ കൃഷ്ണപ്പരുന്തുകള്‍ കൂടുകൂട്ടാറുള്ളത്. തെങ്ങ് ചെത്താന്‍ കയറുന്നവര്‍ കൂട്ടില്‍ നിന്നും കുഞ്ഞിനെ എടുത്ത് ഷാപ്പുകളില്‍ കൊണ്ടുക്കൊടുക്കകയാണ് പതിവ്. ഇതിനെ ഷാപ്പുടമകള്‍ വളര്‍ത്തുകയും പ്രദര്‍ശനത്തിന് ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.